പയ്യോളി: കഠിനമായ വേനലിൽ പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും ആശ്വാസമേകാൻ ‘പരിസ്ഥിതി പയ്യോളി’ ആവിഷ്കരിച്ച ‘കിളികൾക്ക് കുടിനീർ’ പദ്ധതിക്ക് തുടക്കമായി. മൂരാട് താഴെ കളരി യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പയ്യോളി നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഭൂമിയിലെ വിഭവങ്ങൾ എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന ബോധ്യം പുതുതലമുറയിൽ ഉറപ്പിക്കാൻ ഇത്തരം പദ്ധതികൾ സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. പരിസ്ഥിതി പയ്യോളി പ്രസിഡൻ്റ് വടയക്കണ്ടി നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. സിന്ധു മുഖ്യാതിഥിയായിരുന്നു.
കുടിവെള്ള പദ്ധതിക്കൊപ്പം സ്കൂളിൽ പരിസ്ഥിതി സൗഹൃദമായ ‘ഒരു ക്ലാസ് ഒരു മരം’ പദ്ധതിക്കും തുടക്കം കുറിച്ചു. ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾ ചേർന്ന് ഓരോ വൃക്ഷത്തൈ നട്ടു വളർത്തുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എം. ഹൈറുന്നിസ നിർവഹിച്ചു. മറ്റു ക്ലാസുകളിലേക്കുള്ള വൃക്ഷത്തൈകളുടെ വിതരണം പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. കുഞ്ഞാമു നടത്തി. പരിസ്ഥിതി പയ്യോളി സെക്രട്ടറി വിജയൻ പെരിങ്ങാട് പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ഹംസ കാട്ടുകണ്ടി അവതരിപ്പിച്ച മാജിക് ഷോ ചടങ്ങിന് മാറ്റുകൂട്ടി.
പി.ടി.എ പ്രസിഡൻ്റ് വി.കെ. സലിം, ഹെഡ്മാസ്റ്റർ ഡി. സജിത്ത്, മുസിദ്ദിക്, രാജൻ കൊളാവിപ്പാലം, എൻ.കെ. ശശി, സ്കൂൾ ലീഡർ ഭരത് ബോബൻ, കെ.ടി. കണ്ണൻ, സബീഷ് കുന്നങ്കോത്ത്, സതീശൻ മൂരാട്, കെ.പി. വഹാബ്, ഇരിങ്ങൽ അനിൽകുമാർ, പ്രദീപ് കണിയാറിക്കൽ തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ നഗരസഭയിലെ മറ്റു സ്കൂളുകളിലും പൊതു ഇടങ്ങളിലും വീടുകൾക്ക് സമീപവും പക്ഷികൾക്കായി കുടിനീർ പാത്രങ്ങൾ ഒരുക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.
വേനലിൽ ദാഹമകറ്റാൻ ‘കിളികൾക്ക് കുടിനീർ’: പരിസ്ഥിതി പയ്യോളിയുടെ പദ്ധതിക്ക് തുടക്കമായി
Mar 10, 2026, 4:12 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 11 ബുധനാഴ്ച പ്രവർത്തിക്കുന ..
ടി. സരോജിനി അനുസ്മരണം സംഘടിപ്പിച്ചു
