ബോളിവുഡ് താരം രൺവീർ സിംഗിനെ ലക്ഷ്യമിട്ട് കുപ്രസിദ്ധ ഗുണ്ടാസംഘമായ ബിഷ്ണോയ് ഗ്യാങ് നടത്തിയ 20 കോടി രൂപയുടെ ഭീഷണി സന്ദേശത്തിന് പിന്നാലെ മുംബൈ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ ബിഷ്ണോയ് സംഘത്തിലെ പ്രധാനിയായ ഹാരി ബോക്സർ എന്ന ഹരിചന്ദ്രനെതിരെ പോലീസ് ഇപ്പോൾ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ്.
രൺവീറിന്റെ മാനേജരുടെ ഫോണിലേക്ക് യുഎസ് നമ്പറിൽ നിന്നാണ് ഹാരി ബോക്സർ എന്ന് പരിചയപ്പെടുത്തിയ ആൾ വോയ്സ് നോട്ടുകൾ അയച്ചത്. ആദ്യം 10 കോടി രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് തുക 20 കോടിയായി ഉയർത്തുകയും, പണം നൽകിയില്ലെങ്കിൽ താരത്തെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
സംവിധായകൻ രോഹിത് ഷെട്ടിയുടെ വസതിക്ക് നേരെ നടന്ന വെടിവയ്പ്പിന് തൊട്ടുപിന്നാലെയാണ് രൺവീർ സിംഗിനും ഭീഷണി ലഭിച്ചത് എന്നത് ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് മുംബൈ വോർളിയിലെ രൺവീറിന്റെ വസതിക്ക് പുറത്ത് സിവിൽ വേഷത്തിലുള്ള ഉദ്യോഗസ്ഥരടക്കം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ വിദേശത്താണെന്ന് കരുതപ്പെടുന്ന ഹാരി ബോക്സറെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് മുംബൈ ക്രൈംബ്രാഞ്ച്. സൽമാൻ ഖാന് പിന്നാലെ രൺവീർ സിംഗിനെയും ബിഷ്ണോയ് സംഘം ലക്ഷ്യമിട്ടതോടെ ബോളിവുഡിൽ കനത്ത ആശങ്കയാണ് പടരുന്നത്.
