മീൻ കഴിച്ച് മരണം; മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന

news image
Feb 19, 2026, 7:33 am GMT+0000 payyolionline.in

തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മത്സ്യം കഴിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി അധികൃതര്‍.

കഴിഞ്ഞദിവസം വിഴിഞ്ഞത്തു നിന്ന് കടല്‍ വിഭവങ്ങള്‍ കഴിച്ച് രണ്ടുപേര്‍ മരിച്ചതിനു പിന്നാലെ വ്യാഴാഴ്ച മൂന്നുപേര്‍ കൂടി ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതോടെ ജില്ലയിലെ മത്സ്യവിപണന കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി.

വ്യാഴാഴ്ച വീട്ടില്‍ നിന്ന് പാകം ചെയ്ത മത്സ്യം കഴിച്ചവര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ട പശ്ചാത്തലത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. നിലവില്‍ ചികിത്സ തേടിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും സംയുക്തമായാണ് നഗരത്തില്‍ പരിശോധനകള്‍ നടത്തിയത്. നഗരത്തിലെ പ്രധാന മത്സ്യമാര്‍ക്കറ്റായ പാളയം, കോവളം എന്നിവിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. വിപണിയിലെത്തുന്ന മത്സ്യങ്ങളില്‍ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടോ എന്നും പഴകിയ മീനാണോ വില്‍ക്കുന്നത് എന്നും കണ്ടെത്തുകയാണ് ലക്ഷ്യം.

പാളയത്തും കോവളത്തും നിന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ശേഖരിച്ച സാമ്പിളുകള്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലേക്ക് വിദഗ്ദ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിനുശേഷം മാത്രമേ കാരണങ്ങള്‍ വ്യക്തമാകൂ.

അതേസമയം, പ്രാഥമിക പരിശോധനയിൽ വിഴിഞ്ഞത്തെ ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യമോ പഴകിയ ഭക്ഷണമോ കണ്ടെത്തിയിരുന്നില്ല.

വിഴിഞ്ഞത്തും പരിസരത്തും നിരവധി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവക്കെല്ലാം ഭക്ഷ്യസുരക്ഷ ലൈസൻസ് ഉണ്ടോ, വൃത്തിഹീനമായ സാഹചര്യമുണ്ടോ, പഴകിയ ഭക്ഷണം സൂക്ഷിക്കുന്നുണ്ടോ തുടങ്ങിയ പരിശോധന നടത്താനാണ് നിർദ്ദേശം.

അതേസമയം മത്സ്യം വാങ്ങുമ്പോഴും പാകം ചെയ്തു കഴിക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe