ഡോക്ടർ വന്ദന ദാസ് കൊലക്കേസ്; ആരോപണങ്ങൾ നിഷേധിച്ച് പ്രതി

news image
Feb 10, 2026, 9:13 am GMT+0000 payyolionline.in

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിൽ കോടതിക്ക് മുന്നിൽ ആരോപണങ്ങൾ നിഷേധിച്ച് പ്രതി സന്ദീപ്. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ വിചാരണ വേളയിൽ നേരിട്ടുള്ള ചോദ്യംചെയ്യൽ നടപടിക്കിടയിലാണ് തനിക്കെതിരെ പ്രോസിക്യൂഷൻ ഉയർത്തുന്ന കുറ്റങ്ങളും സാക്ഷിമൊഴികളിലെ ആരോപണങ്ങളും പ്രതി നിഷേധിച്ചത്.

സന്ദീപിനെ നേരിട്ട് ചോദ്യം ചെയ്യുന്ന നടപടികൾ എല്ലാം പൂർത്തിയായി. പ്രതിഭാഗത്തിന്‍റെ തെളിവെടുപ്പ് നടത്തുന്നതിനുള്ള പ്രാഥമിക വാദം കേൾക്കുന്നതിന് കേസ് 11ന് പരിഗണിക്കും. അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദിന് മുമ്പിലാണ് കേസ് വിചാരണ നടക്കുന്നത്. ചോദ്യം ചെയ്യലിന്‍റെ ഭാഗമായി, കേസിന്റെ വിചാരണവേളയിൽ കോടതിയിൽ എത്തിയ തെളിവുകൾ കോടതി പ്രതിയെ വായിച്ചു കേൾപ്പിച്ചു.

ഇവയിൽ പ്രതിയുടെ വിശദീകരണം തേടിയപ്പോഴാണ് ആരോപണങ്ങൾ നിഷേധിച്ചത്. പ്രതി ഡോ. വന്ദനദാസിനെ കുത്തിയതുൾപ്പെടെ മൊഴി നൽകിയ, ഡോ. വന്ദനക്കൊപ്പം സംഭവസമയത്ത് കാഷ്യാലിറ്റിയിൽ ജോലി ചെയ്തിരുന്ന ഡോ. മുഹമ്മദ് ഷിബിൻ നൽകിയ പ്രാഥമിക മൊഴി ഉൾപ്പെടെ സന്ദീപ് നിഷേധിച്ചു. തന്‍റെ ഭാഗം വ്യക്തമാക്കാൻ അവസരം ലഭിച്ചപ്പോൾ എഴുതി തയാറാക്കിയ മറുപടി സന്ദീപ് കോടതിയിൽ വായിച്ചു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവർ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe