കൗമാരരുടെ സുരക്ഷ ഉറപ്പാക്കാൻ ഇൻസ്റ്റഗ്രാമിന്റെ പുതിയ എ.ഐ നടപടികൾ

news image
Apr 23, 2025, 3:41 am GMT+0000 payyolionline.in

കൗമാരക്കാരായ ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും വർധിപ്പിക്കുന്നതിനായി ഇൻസ്റ്റഗ്രാം ഈ വർഷമാദ്യം ‘ടീൻ അക്കൗണ്ടുകൾ’ അവതരിപ്പിച്ചിരുന്നു. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും മാനസികാരോഗ്യവും മുൻനിർത്തിയായിരുന്നു ഇത്. എന്നാൽ, തെറ്റായ വയസ് നൽകി മുതിർന്നവർക്കുള്ള അക്കൗണ്ട് നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ കണ്ടെത്തുന്നതിനായി ഇപ്പോൾ നിർമിത ബുദ്ധി ഉപയോഗിക്കാനുള്ള തയാറെടുപ്പിലാണ് ഇൻസ്റ്റഗ്രാം. ഇതിലൂടെ ഉപയോക്താവ് കൗമാരക്കാരനാണോ മുതിർന്നയാളാണോ എന്ന് കണ്ടെത്താൻ കഴിയും.

മുതിർന്നവർക്കുള്ള അക്കൗണ്ട് കുട്ടികളാണ് വയസ് മാറ്റിനൽകി ഉപയോഗിക്കുന്നതെങ്കിൽ ഈ അക്കൗണ്ടുകൾ ടീൻ അക്കൗണ്ടുകളിലേക്ക് സ്വയമേവ മാറ്റുന്നതിനുള്ള നടപടി കമ്പനി സ്വീകരിക്കും. 18 വയസിന് താഴെയുള്ള ഉപയോക്താക്കളുടെ ഇൻസ്റ്റഗ്രാം ഉപയോഗത്തിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമാണ് പുതിയ നടപടി.

മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ പ്രായം പരിശോധിക്കാൻ എ.ഐ നിലവിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമാണിത്. കൗമാരക്കാരുടെ സമൂഹ മാധ്യമങ്ങളിലെ അമിത ഉപയോഗം മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഇതാണ് നടപടികൾക്ക് പിന്നിലെന്ന് ഇൻസ്റ്റഗ്രാം വ്യക്തമാക്കി.

ടീൻ അക്കൗണ്ടുകൾ കൂടുതൽ സ്വകാര്യത നൽകുന്നതാണ്. ഫോളോവേഴ്‌സ് അല്ലാത്തവർക്ക് അവരുടെ ഉള്ളടക്കം കാണാനോ സംവദിക്കാനോ കഴിയില്ല. രാത്രി 10 മുതൽ രാവിലെ 7 വരെ ഈ അക്കൗണ്ടുകൾക്ക് ‘സ്ലീപ്പ് മോഡ്’ സജീവമാകും. ആ സമയത്ത് നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കും. ഒരു മണിക്കൂറിൽ കൂടുതൽ ഇൻസ്റ്റ ഉപയോഗിച്ചാൽ മുന്നറിയിപ്പ് നൽകുമെന്നും മെറ്റ പറയുന്നു.

16 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഫെബ്രുവരി മുതൽ ഇന്ത്യയിൽ ടീൻ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ആസ്‌ട്രേലിയ 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe