കാസർകോട് : ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നഗരത്തിൽ പണിയുന്ന ഒറ്റത്തൂൺ മേൽപാലത്തെ അടിഭാഗത്തും വിവിധങ്ങളായ സൗകര്യങ്ങളൊരുക്കും. കറന്തക്കാട് നിന്ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് – നുള്ളിപ്പാടി വരെ 1.2 കിലോമീറ്റർ നീളവും 28.5 മീറ്റർ വീതിയുള്ള 29 സ്പാനുകളിൽ നിർമിച്ചതാണു മേൽപാലം, പാലത്തിന്റെ ഭിത്തികളിൽ കാസർകോടിന്റെ്റെ സാംസ്കാരിക തനിമ ഉണർത്തുന്ന ചിത്രങ്ങൾ ഓയിൽ പെയ്ന്റ് ചെയ്തു ദൃശ്യചാരുത പകരും.
പാലത്തിനടിയിൽ ഷട്ടിൽ കോർട്ട്, ഓപ്പൺ ജിം, 500 പേർക്കു പരിപാടികൾ ഇരുന്നു കാണാനുള്ള ഓപ്പൺ സ്റ്റേജ്, എൽഇഡി സ്ക്രീൻ സൗകര്യം, വയോജനങ്ങൾക്ക് ഇരുന്നു വായിക്കാൻ സൗകര്യങ്ങളോടെയുള്ള പാർക്ക്, ഭിന്നശേഷി വിഭാഗത്തിനുൾപ്പെടെയുള്ള ശുചിമുറി സൗകര്യം, ആംഫി തിയറ്റർ, ടൈൽസ് പാകിയ ഫുട്പാത്ത്, വോക്കത്തൺ സൗകര്യം, ഇരുഭാഗത്തും വാഹനങ്ങളുടെ പാർക്കിങ് സൗകര്യം, സിസിടിവി സംവിധാനം തുടങ്ങിയവ ഏർപ്പെടുത്താനുള്ള നടപടികളിലാണ് അധികൃതർ.
കലക്ടർ കെ.ഇമ്പശേഖർ ഇതിനുള്ള വിശദമായ പദ്ധതി രൂപരേഖ ലഭ്യമാക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. ദേശീയപാത അതോറിറ്റി, ജില്ലാ ഭരണകൂടം, മേൽപാലം നിർമിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കാസർകോട് നഗരസഭ എന്നിവർ ഉൾപ്പെടെ ഇതുമായി സഹകരിക്കും.