എറണാകുളം പറവൂരിൽ ആനയിടഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം

news image
Mar 1, 2025, 8:07 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ആന ഇടഞ്ഞു. റോഡിലൂടെ ഓടിയ ആന മൂന്നു പേരെ ആക്രമിച്ചു. മൂത്തകുന്നം പത്മനാഭൻ എന്ന ആനയാണ് ഇടഞ്ഞത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തളയ്ക്കാനായത്.

 

പറവൂർ പാലിയം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മറ്റൊരിടത്തേക്ക് മടങ്ങുന്നതിനിടയാണ് ആന ഇടഞ്ഞോടിയത്. ജനവാസ മേഖലയിലൂടെയും പ്രധാന റോഡിലൂടെയും പാപ്പാനെയും തോളിലേറ്റി ആന കിലോമീറ്ററുകളോളം ഓടി. ഓട്ടോറിക്ഷയും ബൈക്കുകളും അടക്കം വാഹനങ്ങൾ തകർത്തു. മൂന്നു പേർക്ക് പരിക്കേറ്റു.

വടക്കേക്കര പരുവക്കൽ ഭഗവതി ക്ഷേത്രത്തിലെ ആനക്കൊട്ടിലിലേക്ക് സ്വയം ഓടിയെത്തിയ ആനയെ മറ്റു പാപ്പാന്മാർ ചേർന്ന് തളച്ചു. ഇതിനുശേഷം ഒന്നാം പാപ്പാനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നിലത്തിറക്കി. കൊടുങ്ങല്ലൂർ മൂത്തകുന്നം ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പത്മനാഭൻ എന്ന ആന. 2022ൽ പാലക്കാട് വെച്ച് ഒന്നാം പാപ്പാനെ നിലത്തടിച്ചു കൊന്ന ചരിത്രവും മൂത്തകുന്നം പത്മനാഭനുണ്ട്. മദപ്പാടുള്ള ആനയെ ഉത്സവത്തിന് ഇറക്കിയതിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ആനയെ പാപ്പാന്മാർ സ്ഥിരമായി മർദിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe