ഡിജിറ്റൽ സർവേ നടപടികൾ ഇങ്ങനെ ; ഭൂവുടമകൾ അറിയേണ്ടതും ചെയ്യേണ്ടതും : ഭാഗം1

news image
Feb 23, 2025, 9:12 am GMT+0000 payyolionline.in

കേരളത്തിലെ എല്ലാ ഭൂപ്രദേശങ്ങളും ഡിജിറ്റൽ സർവേ നടത്തി കൃത്യവും കാലികവുമായ ഭൂരേഖകൾ ഒരുക്കുന്നതിന് ‘സർവേയും ഭൂരേഖയും’ വകുപ്പ് നടത്തുന്ന ഡിജിറ്റൽ സർവേ, ഭൂസേവനങ്ങൾ ഏകജാലക സംവിധാന ത്തിലൂടെ പൊതുജനങ്ങൾക്ക് നൽകുന്നതിനായി റവന്യൂ, റജിസ്ട്രേഷൻ, സർവെ വകുപ്പുകൾ സംയുകതമായി ആരംഭിച്ച ‘എൻ്റെ ഭൂമി’ സംയോജിത സർക്കാർ പോർട്ടൽ എന്നിവയെക്കുറിച്ച് ഭുവുടമകൾ അറിയേണ്ടതെല്ലാം.

 

ഭാഗം 1

 

ഡിജിറ്റൽ സാങ്കേതികവിദ്യ കൃഷിയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കാലമാണിത്. വിളകളുടെ വിദൂര നിരീക്ഷണത്തിനും വളപ്രയോഗത്തിനും നനയ്ക്കുമൊക്കെ ഡിജിറ്റൽ സങ്കേതം അനിവാര്യമായി മാറുന്നു. കൃഷിവകുപ്പിൻ്റെ വിജ്‌ഞാനവ്യാപനത്തിനുപോലും കതിർ ആപ് പോലുള്ള ഡിജിറ്റൽ സംവിധാനങ്ങളായി കൃഷിഭവനിലിരുന്നു കൃഷിഭൂമി നിരീക്ഷിക്കാനാകുന്ന ഇക്കാലത്ത് അവയുടെ ഉടമസ്‌ഥതയും കൈമാറ്റവും സംബന്ധിച്ച രേഖകളും ഡിജിറ്റലാകേണ്ടതല്ലേ?

 

സംസ്ഥാനത്തെ എല്ലാ ഭൂവുടമകളുടെയും ഓരോ കൈവശഭൂമിയും നേരിട്ട് അളന്നും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അതിർത്തികൾ കൃത്യമായും ശാസ്ത്രീയമായും നിർണയിച്ചും മാപ്പുകൾ തയാറാക്കുന്ന പ്രവർത്തനമാണ് ഡിജിറ്റൽ സർവേ, സർവേ- ഭൂരേഖ വകുപ്പാണ് ഇതു നടത്തുന്നത്. ഈ പ്രക്രിയ ഇപ്പോൾ സജീവമായി വിവിധ ജില്ലകളിൽ നടന്നുവരുന്നു. വിപുലമായ പ്രചാരണങ്ങളിലൂടെ പൊതുജനങ്ങളെ മുൻകുട്ടി ബോധവൽക്കരിച്ചശേഷമാണ് ഓരോ പ്രദേശത്തിൻ്റെയും സർവേ നടത്തുന്നത്.

 

വികസിത രാജ്യങ്ങളിൽപോലും അപൂർവമായ ഇത്തരം സംവിധാനം ഭൂരേഖാപരിപാലനത്തിൽ സംസ്‌ഥാനത്തിന് വലിയ മുന്നേറ്റമുണ്ടാക്കും. സംയോജിത ഭൂവിവര ഡിജിറ്റൽ സംവിധാനമാണ് പദ്ധതിലക്ഷ്യം.

 

‘എന്റെ ഭൂമി’ എന്ന ഈ പദ്ധതിയെക്കുറിച്ച് കൃഷിക്കാരടക്കം എല്ലാ ഭൂവുടമകളും അറിഞ്ഞിരിക്കണം. ഡിജിറ്റൽ സർവേ പരമ്പരാഗത സർവേ ഉപകരണങ്ങളായ ചെയിൻ, ക്രോസ് സ്‌റ്റാഫ് എന്നിവ ഉപയോഗിച്ചു നടത്തിയ റീസർവേ പ്രകാരം തയാറാക്കിയ റെക്കോർഡുകളാണ് ഇതുവരെ ഭൂരേഖാപരിപാലനത്തിന് ഉപയോഗിച്ചുവന്നിരുന്നത്. അവയെല്ലാം കടലാസ് രേഖകളായതിനാൽ കാലാനുസൃത പരിഷ്കാരങ്ങൾ ഇതിൽ ഉൾപ്പെടുത്തുക വളരെ സങ്കീർണമായ പ്രവൃത്തിയാണ്. ഭൂമിയുടെ രൂപം, സ്വഭാവം, ഉടമസ്‌ഥത തുടങ്ങിയവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ പ്രയാസമുണ്ടായിരുന്നു. വിവിധ ഓഫിസുകളിൽ ഭൂരേഖകൾ വ്യത്യസ്ത രീതിയിൽ സൂക്ഷിക്കുന്നതിനാൽ അവയുടെ ഏകോപിത ഉപയോഗം പ്രായോഗികമല്ലതാനും. ഈ വെല്ലുവിളികൾ മറികടക്കുന്നതിനും ഭൂരേഖാ പ്രക്രിയ കൂടുതൽ ശാസ്ത്രീയവും

 

സുതാര്യവുമാക്കുന്നതിനും 858 കോടി രൂപ ചെലവു വരുന്ന ‘ഡിജിറ്റൽ സർവേ പദ്ധതി’ പ്രയോജനപ്പെടും. ‘റീബിൽഡ് കേരള ഇനിഷ്യേറ്റീവി’ൽ ഉൾപ്പെടുത്തി ആരംഭിച്ച ഈ പദ്ധതി സംസ്ഥാനത്തെ ഭൂരേഖാമേഖലയിൽ സമഗ്രവും ദൃഢവുമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരും.

 

ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള സർവേയാണിതെന്നും ഇതിലൂടെ തയാറാക്കുന്ന രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാമെന്നും ലളിതമായി പറയാം. ജനപങ്കാളിത്തത്തോടെ നടക്കുന്ന സർവേയിൽ കണ്ടെത്തുന്ന വിവരങ്ങൾ സുതാര്യമായും സമഗ്രമായും രേഖപ്പെടുത്തുന്നതിന് ‘എന്റെ ഭൂമി’ പോർട്ടലിനും രൂപം കൊടുത്തിട്ടുണ്ട്. 2022 നവംബറിൽ തുടക്കമിട്ട ഈ ഡിജിറ്റൽ സർവേ പദ്ധതി 2023 ഓഗസ്‌റ്റ് മുതൽ പൂർണ തോതിൽ സംസ്‌ഥാനത്തു പുരോഗമിക്കുകയാണ്. സർവേ ആരംഭിച്ച 433 വില്ലേജുകളിൽ 226 ഇടങ്ങളിലും ഫീൽഡ് സർവേ പൂർത്തിയായി. അതു സംബന്ധിച്ച വിജ്‌ഞാപനവും പുറത്തുവന്നു. ബാക്കിയുള്ള 207 വില്ലേജുകളുടെ സർവേ പുരോഗമിക്കുന്നു. സംസ്ഥാനത്തെ 41 ലക്ഷം ലാൻഡ് പാഴ്‌സലു(ഒരു വ്യക്തിയുടെ കൈവശഭൂമിയാണ് ഒരു പാഴ്‌സൽ)കളിലായി 5.55 ലക്ഷം ഹെക്ടർ ഭൂമിയാണ് ഇക്കഴിഞ്ഞ നവംബർ വരെ സർവേ പൂർത്തിയാക്കിയത്. ഡിജിറ്റൽ സർവേ സംബന്ധിച്ച് വിവിധ ബോധവൽക്കരണ പരിപാടികളും നടത്തുന്നുണ്ട്.

 

ഡിജിറ്റൽ സർവേയിൽ ഉപയോഗിക്കുന്ന റിയൽടൈം കൈനമാറ്റിക് (RTK) മെഷീനുകൾ, പരമ്പരാഗത സർവെ ഉപകരണമായ ഇലക്ട്രോണിക്സ് ടോട്ടൽ സ്‌റ്റേഷൻ (ETS) പോലുള്ള സാങ്കേതികവിദ്യകളെക്കാൾ പതിന്മടങ്ങ് മികച്ചതും കാര്യക്ഷമവുമാണ്, പഴയ സർവേ രീതിയിൽ, ഒരു വില്ലേജിനെ പല ബ്ലോക്കുകളായും ബ്ലോക്കിനെ ഖണ്ഡങ്ങളായും വിഭജിച്ച്, ‘മൊത്തത്തിൽനിന്ന് അംശത്തിലേക്ക്’ എന്ന തത്വം അടിസ്ഥാനമാക്കിയാണ് സർവേ നടപ്പാക്കിവന്നത്. ഇത്തരത്തിൽ സർവേ ചെയ്യുമ്പോൾ ഏതെങ്കിലും ഒരു അളവിൽ പിശക് വന്നാൽ, അത് മറ്റ് അളവുകളെയും ബാധിക്കും. പരമ്പരാഗത സർവേ രീതിയിൽ ഓരോ അളവും അതിനു മുന്നിലുള്ള അളവിനെ ആശ്രയിച്ചു ചെയ്യുന്നതാണ് കാരണം. അതേസമയം, ഡിജിറ്റൽ സർവേയിലെ ആർടികെ റോവർ മെഷിനുകൾ ഉപഗ്രഹങ്ങളിൽനിന്നുള്ള സിഗ്നൽ ആധാരമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതിൻ്റെ ഏറ്റവും പ്രധാന സവിശേഷത, ഓരോ അതിരിലെയും സ്‌ഥാനസൂചികകൾ (Coordinates) പരസ്പരബന്ധിതമല്ലാതെ സ്വതന്ത്രമായി നിലനിൽക്കുന്നു എന്നതാണ്. അതിനാൽ, ഒരു സ്‌റ്റേഷൻ്റെ സ്‌ഥാനസൂചികകളിൽ പിശകു വന്നാലും അത് മറ്റു സ്‌റ്റേഷനുകളെ ബാധിക്കില്ല. ഇതു കാരണം സർവേയിൽ കൂടുതൽ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാനാവുന്നു.

 

 

ആർടികെ റോവർ ഉപകരണങ്ങൾ ഉപയോഗിച്ച് അതിവേഗത്തിൽ ഡേറ്റ ശേഖരണം നടത്തുകയും സർവേ പ്രവൃത്തികൾ പെട്ടെന്നു പൂർത്തിയാക്കുകയും ചെയ്യാമെന്ന മെച്ചവുമുണ്ട്.

മിനിറ്റുകൾക്കുള്ളിൽ 2-5 സെ.മീ. വരെ കൃത്യതയുള്ള ഡേറ്റ ലഭിക്കുന്നു.

 

വിവരങ്ങൾക്കു കടപ്പാട്: എസ്.സലിം, ഡപ്യൂട്ടി ഡയറക്‌ടർ, സർവേയും ഭൂരേഖയും വകുപ്പ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe