മോസ്കോ: യുക്രെയ്നുമായുള്ള സംഘർഷത്തിനിടെ ആണവ നയത്തിലെ പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുഎസ് അടക്കമുള്ള രാജ്യങ്ങൾക്ക് വ്യക്തമായ സന്ദേശം നൽകുന്ന പുതിയ നയം, റഷ്യയ്ക്ക് ആണവായുധങ്ങൾ ഉപയോഗിക്കാൻ കൂടുതൽ ‘സ്വാതന്ത്ര്യം’ നൽകുന്നതാണ്.
രാജ്യത്തിന്റെ തത്ത്വങ്ങൾ നിലവിലെ സാഹചര്യത്തിന് അനുസൃതമായി കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് റഷ്യയുടെ ആണവ നയത്തിലെ മാറ്റങ്ങളെ കുറിച്ച് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ബാഹ്യ ആക്രമണമുണ്ടായാൽ പ്രതികാരമായി ആണവായുധങ്ങളുടെ ഉപയോഗം വിപുലീകരിക്കാൻ പുതുക്കിയ നയം റഷ്യയെ അനുവദിക്കുന്നു.
ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെ റഷ്യയ്ക്കെതിരായ ഏതു സുപ്രധാനമായ ആക്രമണത്തിനും പ്രതികാരമായി ആണവായുധങ്ങൾ ഉപയോഗിക്കാൻ പുട്ടിൻ പുതുതായി ഒപ്പിട്ട ഉത്തരവ് അനുവദിക്കുന്നു. ഒരു ആണവ രാഷ്ട്രത്തിന്റെ പങ്കാളിത്തത്തോടെ ആണവ ഇതര രാഷ്ട്രം നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കപ്പെടുന്നുവെന്ന് യുക്രെയ്നിനും അതിന്റെ പാശ്ചാത്യ പിന്തുണക്കാർക്കും ഉള്ള മറുപടിയായി റഷ്യ പറഞ്ഞു.
സഖ്യരാജ്യങ്ങളിൽ നിന്നുള്ള ഭീഷണിയുടെ വെളിച്ചത്തിൽ നയം പരിഷ്കരിക്കുന്നതിനെ കുറിച്ചുള്ള പുടിന്റെ പരാമർശങ്ങൾക്ക് ഒരു മാസത്തിനു ശേഷമാണ് ഈ നയ പരിഷ്കരണ നീക്കം. നൂതന പാശ്ചാത്യ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യൻ പ്രദേശത്തിനുള്ളിൽ ആഴത്തിൽ ആക്രമണം നടത്താൻ യുക്രെയ്നെ അനുവദിക്കുന്നത് പിരിമുറുക്കം വർധിപ്പിക്കുമെന്നും റഷ്യയുമായി നേരിട്ടുള്ള പോരാട്ടത്തിലേക്ക് നയിക്കുമെന്നുമായിരുന്നു പുട്ടിന്റെ മുന്നറിയിപ്പ്.