മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ സമരം തുടങ്ങി. ആശുപത്രി വളപ്പിൽ നിന്നും ആംബുലൻസുകൾ ഒഴിപ്പിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സിഐടിയു നേതൃത്വത്തിൽ ഡ്രൈവർമാർ സമരം തുടങ്ങിയത്. ആംബുലൻസ് മാറ്റാൻ തയ്യാറാകാതിരുന്ന എട്ടു ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
16 ആംബുലൻസുകൾ ആശുപത്രി കോംപൗണ്ടിൽ നിന്ന് മാറ്റണമെന്നായിരുന്നു തീരുമാനം. ആശുപത്രി വികസന സമിതി യോഗത്തിലാണ് ആംബുലൻസുകൾ മാറ്റാനുള്ള തീരുമാനം ഉണ്ടായത്. ഇന്ന് രാവിലെയാണ് ഇതിനായി പൊലീസ് എത്തിയത്. എന്നാൽ ഒരു കൂട്ടം ആംബുലൻസ് ഡ്രൈവർമാർ ഇതിന് തയ്യാറാവാതെ വരികയും പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു. സമരം ചെയ്ത നേതാക്കൻമാരെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ആശുപത്രിയിൽ എത്തിയ രോഗികൾ ഡ്രൈവർമാരുടെ സമരം മൂലം ആംബുലൻസ് കിട്ടാതെ ബുദ്ധിമുട്ടിലാവുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞ മൃതദേഹങ്ങൾ വിട്ടുകിട്ടിയിട്ടും ആംബുലൻസുകൾ ഇല്ലാതിരുന്നത് ആളുകളെ പ്രതിസന്ധിയിലാക്കുകയായിരുന്നു.