തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകി. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാർ വിഭാഗത്തിന്റെ ആവശ്യം. കേരളാ കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്. മുൻ ധാരണ പ്രകാരം നവംബറിൽ ഗണേഷിന് മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കേരള കോൺഗ്രസ് (ബി).
ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം നൽകുമെന്നത് എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്. അത് ലംഘിക്കുമെന്ന് കേരള കോൺഗ്രസ് ബി കരുതുന്നില്ല. നവംബറിൽ സർക്കാർ രണ്ടര വർഷം പൂർത്തിയാകും വരെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കത്ത് നൽകാതിരുന്നത് പാർട്ടിയിലെ ധാരണ പ്രകാരമാണ്. സമയപരിധി തീരാനായതോടെയാണ് ഔദ്യോഗികമായി ആവശ്യപ്പെട്ടുള്ള സമ്മർദ്ദങ്ങളിലേക്ക് പാർട്ടിയും ഗണേഷും കടന്നത്.