പയ്യോളി: കീഴൂർ തെരുവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം. ശനി പുലർച്ചയോടെയാണ് മോഷണം നടന്നത്. രാവിലെ ആറോടെ ക്ഷേത്രം പൂജാരി തെക്കേ കുന്നുംപുറത്ത് നാരായണൻ ക്ഷേത്രത്തിലെത്തിയപ്പോൾ ചില്ലറ നാണയത്തുട്ടുകൾ തറയിൽ ചിതറി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണം നടന്നതായി മനസിലാകുന്നത്. നാല് ഭണ്ഡാരങ്ങളിലെ പണം മുഴുവൻ മോഷ്ടാവ് കൊണ്ടുപോയി. ഓട് പൊളിച്ചാണ് മോഷ്ടാവ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനകത്തു കടന്നത്.
ശ്രീകോവിലിന്റെ പിൻവാതിൽ തുറന്നു പുറത്തു കടന്ന മോഷ്ടാവ് ക്ഷേത്രം ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. ഓഫീസിനകത്തെ വിലപിടിപ്പുള്ള വസ്തുക്കൾ ശ്രദ്ധയിൽപ്പെടാത്തത് കൂടുതൽ നഷ്ടം വരുത്തിയില്ല. ഏതാണ്ട് പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്രകമ്മിറ്റി സെക്രട്ടറി കെ പി സുനിൽ പറഞ്ഞു.പയ്യോളി പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.