പയ്യോളി: തൊട്ടതെല്ലാം പൊന്നാക്കുന്നവരാണെന്ന ഖ്യാതി വാഗ്ഭാടനന്ദ ഗുരുദേവന്റെ തൊഴിലാളികൾ ഒന്നുകൂടെ തെളിയിച്ചിരിക്കുന്നു. സിമന്റും പൂഴിയും മെറ്റലും കലർന്ന ഹോളോബ്രിക്സ് യുണിറ്റിനകത്ത് ഈ തൊഴിലാളികൾ വിരിയിച്ചത് ഏതാണ്ട് മൂന്നരലക്ഷം രൂപയുടെ ചെണ്ടുമല്ലി പൂക്കൾ. ഓണപൂക്കളങ്ങൾ ഒരുക്കുന്ന മലയാളികൾക്ക് നാടിന്റെ മണമുള്ള പൂക്കൾ ഇവിടെ നിന്ന് സ്വന്തമാക്കാം.
ഇരിങ്ങൽ കൊളാവിപ്പാലത്തെ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹോളോബ്രിക്സ് യൂണിറ്റിലെത്തിയാൽ ആരും അതിശയിച്ച് പോകും. നമ്മളെത്തിയത് ചെണ്ടുമല്ലിയുടെ പറുദീസയായ ഗുണ്ടൽപേട്ടിലാണെന്ന് തോന്നും.
ഒരു എക്കറേയോളം സ്ഥലത്ത് മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലികൾ നിറഞ്ഞ് നിൽക്കയാണ്. 60 ദിവസങ്ങൾക്ക് മുമ്പാണ് 5500 ചെണ്ടുമല്ലി തൈകൾ ഇവിടെ നട്ടത്. ബെംഗളൂരൂവിൽ നിന്നാണ് വിത്ത് വാങ്ങിയത്. ഒരു ലക്ഷത്തോളം രൂപ കൃഷിക്കായി ചിലവ് വന്നിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിൽ വിറ്റാൽ തന്നെ മൂന്നരലക്ഷം രൂപയുടെ പൂക്കളാണ് വിരിഞ്ഞത്. ഒരു ചെടിയിൽ 750 ഗ്രാം പൂവ് ഉണ്ടെന്ന് കണക്കാക്കുന്നു. രണ്ടടിയോളം ഉയരമാണ് ചെടിക്ക് ഉള്ളത്.
കഴിഞ്ഞ വർഷം 40 സെന്റ് സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു. അത് വിജയിച്ചതാണ് ഇത്തവണ ഒരു ഏക്കർ സ്ഥലത്ത് ഉണ്ടാക്കാൻ കാരണമെന്ന് കൃഷിക്ക് നേതൃത്വം നൽകുന്ന റിട്ട. കൃഷി വകുപ്പ് ഉദ്യോഗ്യസ്ഥൻ ചക്കിട്ടപ്പാറ കെ.പി.കെ. ചോയി പറഞ്ഞു. വാടാമല്ലിയും കുറച്ച് സ്ഥലത്തുണ്ട്. ഏട്ടര ഏക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഹോളോബ്രിക്സ് യൂണിറ്റിൽ പലതും കൃഷിചെയ്യുന്നുണ്ട്. നാട്ടിൽ പലയിടത്തും ഇത്തരം യൂണിറ്റുകൾ വ്യാപകമായതിനെ തുടർന്നാണ് സ്ഥലം കൃഷിക്കായും ഇവിടെ ഉപയോഗപെടുത്തിയത്. ഇവിടുത്തെ പൂഴി റോഡ് നിർമാണത്തിനും മറ്റും കൊണ്ട് പോകും. പകരം വളക്കൂറുള്ള മണ്ണ് കൊണ്ടുവന്ന് നിറയ്ക്കും. അങ്ങനെയാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം അഞ്ച് ലക്ഷം രൂപയുടെ മാങ്ങയാണ് വിറ്റത്. പച്ചക്കറി, വാഴ, കൈതച്ചക്ക, പപ്പായ എന്നിങ്ങനെ പലതുമുണ്ട്. കൃഷിക്കായി ജൈവവളവും രാസവളവും ഉപയോഗിച്ചിട്ടുണ്ട്. രോഗം വരാതിരിക്കാൻ ആദ്യം മൈകോ റൈസ് മണ്ണിൽ കലർത്തും. പെട്ടെന്ന് പൂക്കാനും പൂക്കളുടെ വലിപ്പത്തിനുമായി സൾഫേറ്റ് ഓഫ് പൊട്ട്യാഷ് എന്ന ഹോർമോൺ ഉപയോഗിച്ചു. മഞ്ഞ നിറത്തിന് കീടങ്ങളുടെ ആക്രമണം കുറവായിരിക്കുമത്രേ. അതുകൊണ്ടാണ് കടുക്, ഗോതമ്പ് എന്നീ കൃഷിക്കിടയിൽ മഞ്ഞ ചെണ്ടുമല്ലി വളർത്തുന്നതെന്നും കൃഷി ഉദ്യോഗസ്ഥൻ പറഞ്ഞു.