ആലപ്പുഴ: ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണവും വൻ സുരക്ഷയുമൊരുക്കി പോലീസ്. പുന്നമടയും പരിസരവും 15 സെക്ടറുകളായി തിരിച്ച് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ 20 ഡിവൈ.എസ്.പിമാർ, 50 ഇൻസ്പെക്ടർമാർ, 465 എസ്.ഐമാർ എന്നിവരുള്‍പ്പടെ രണ്ടായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.കായലിലെ സുരക്ഷക്കായി 50 ബോട്ടുകളിൽ പ്രത്യേകം പൊലീസുകാരെ നിയോഗിക്കും. പുന്നമടഭാഗം പൂർണമായും സി.സി ടി.വി കാമറ നിരീക്ഷണത്തിലായിരിക്കും. ശനിയാഴ്ച രാവിലെ ആറ് മുതൽ രാത്രി എട്ടുവരെ ജലമേള നടക്കുന്ന ട്രാക്കിന് 100 മീറ്റർ ചുറ്റളവിൽ ഡ്രോൺ കാമറകൾ നിരോധിച്ചു. മത്സരസമയം അധികൃതരുടെ അനുവാദമില്ലാതെ ഡ്രോണുകള്‍ ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
മാല മോഷണം, പോക്കറ്റടി, മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഷാഡോ പൊലീസും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമുണ്ടാകും. വള്ളംകളിയുടെ നിയമാവലികള്‍ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴക്കാരെയും കണ്ടെത്തുന്നതിനും മറ്റ് നിയമലംഘകരെ കണ്ടെത്തുന്നതിനും വിഡിയോ കാമറകൾ സജ്ജമാക്കിയിട്ടുണ്ട്. പാസ്, ടിക്കറ്റ് എന്നിവയുമായി പവിലിയനില്‍ പ്രവേശിച്ചാൽ വള്ളംകളി തീരുന്നതിനുമുമ്പ് പുറത്തുപോയാല്‍ പിന്നീട് തിരികെ പ്രവേശിപ്പിക്കില്ല.രാവിലെ എട്ടിനുശേഷം ഒഫീഷ്യല്‍സിന്റെ അല്ലാത്ത ബോട്ടുകളും സ്പീഡ് ബോട്ടുകളും വള്ളങ്ങളും മത്സരട്രാക്കില്‍ പ്രവേശിക്കാന്‍ പാടില്ല. അപ്രകാരം പ്രവേശിക്കുന്ന വള്ളങ്ങളെ പിടിച്ചുകെട്ടി നിയമനടപടി സ്വീകരിക്കും. ജലയാനങ്ങളുടെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും മൂന്ന് വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്യും.അനൗൺസ്മെന്റ്, പരസ്യ ബോട്ടുകള്‍ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കാൻ പാടില്ല. രാവിലെ 10നുശേഷം ഡി.ടി.പി.സി ജെട്ടിമുതല്‍ പുന്നമടക്കായലിലേക്കും തിരിച്ചും ബോട്ട് സർവിസ് നടത്താൻ അനുവദിക്കില്ല.
നഗരത്തിൽ ഗതാഗതനിയന്ത്രണം
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.അന്നേദിവസം രാവിലെ ആറ് മുതല്‍ ആലപ്പുഴ നഗരത്തില്‍ ജനറല്‍ ആശുപത്രി ജങ്ഷന് വടക്കുവശം മുതല്‍ കൈചൂണ്ടി ജങ്ഷന്, കൊമ്മാടി ജങ്ഷന് വരെയുള്ള റോഡരികിൽ പാര്‍ക്കിങ് അനുവദിക്കുന്നതല്ല. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി ഉടമയില്‍നിന്ന് പിഴയീടാക്കും.
രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴുവരെ ജില്ലകോടതി വടക്കേ ജങ്ഷൻ മുതല്‍ കിഴക്കോട്ട് തത്തംപള്ളി കായല്‍ കുരിശടി ജങ്ഷന്‍വരെ ഗതാഗതം അനുവദിക്കുന്നതല്ല. കൂടാതെ വൈ.എം.സി.എ തെക്കേ ജങ്ഷന് മുതല്‍ കിഴക്ക് ഫയര്‍ഫോഴ്സ് ഓഫിസ് വരെയുള്ള ഭാഗം കെ.എസ്.ആര്.ടി.സി ഒഴികെ ഗതാഗതം അനുവദിക്കുന്നതല്ല.
ആലപ്പുഴ-തണ്ണീര്‍മുക്കം റോഡിലൂടെ വടക്കുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ എസ്.ഡി.വി സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. എറണാകുളം ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജങ്ഷന്‍വഴി എസ്.ഡി.വി സ്കൂള്‍ ഗ്രൗണ്ടിലെത്തി പാര്‍ക്ക് ചെയ്യണം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങള്‍ കാര്‍മല്‍, സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.വള്ളംകളി കഴിഞ്ഞ് നെഹ്റു പവിലിയനില്‍നിന്ന് തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുണ്ട്. വള്ളംകളിയുടെ തലേദിവസം മുതല്‍ ഗതാഗതവും പാര്‍ക്കിങ്ങും നിയന്ത്രിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.