നാദാപുരം: മാഷേ… മാഷ് പോകല്ലേ മാഷേ… അടുത്ത ദിവസം മുതൽ മറ്റൊരു സ്കൂളിലേക്ക് മാറുകയാണെന്ന് പറഞ്ഞ അധ്യാപകനെ വളഞ്ഞ് കുട്ടിക്കുരുന്നുകൾ വിളിച്ചുകൂവി. പ്രിയ അധ്യാപകന്റെ സ്ഥലംമാറ്റം ഒടുവിൽ പൊട്ടിക്കരച്ചിലിലേക്കു വഴി മാറി. നാദാപുരം കല്ലാച്ചി ഗവ യുപി സ്കൂൾ അധ്യാപകൻ ഇ.കെ.കുഞ്ഞബ്ദുല്ലയ്ക്കായിരുന്നു കുട്ടികളുടെ കണ്ണീരിൽ കുതിർന്ന സ്നേഹപ്രകടനം. ചുറ്റുംകൂടി തന്റെ പ്രിയ വിദ്യാർഥികൾ പൊട്ടിക്കരഞ്ഞതോടെ കുഞ്ഞബ്ദുല്ലയ്ക്കും നിയന്ത്രണംവിട്ടു. ‘‘ഞാൻ നാളെയും വരാം, നിങ്ങൾ ആരും കരയരുതെന്ന് പറഞ്ഞാണ്’’ കുഞ്ഞബ്ദുല്ല വീട്ടിലേക്കു മടങ്ങിയത്.
രോഗിയായ ഉമ്മയെ പരിചരിക്കുന്നതിനു വേണ്ടിയാണ് കല്ലാച്ചി ഗവ. യുപി സ്കൂൾ അധ്യാപകനായ കാക്കുനിയിലെ ഇ.കെ.കുഞ്ഞബ്ദുല്ല സ്ഥലംമാറ്റത്തിന് അപേക്ഷിച്ചത്. വേളത്തെ അരിമ്പോൽ ഗവ എൽപി സ്കൂളിലേക്കായിരുന്നു സ്ഥലംമാറ്റം. വീട്ടിലെത്തിയിട്ടും കുട്ടികളെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ ആശങ്കയിലാണ് കുഞ്ഞബ്ദുല്ല.
കുട്ടികളെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ ധർമ സങ്കടത്തിലായ അദ്ദേഹം വ്യാഴാഴ്ചയും തന്റെ പ്രിയ പൊന്നമനകളെ പോയി കാണാൻ തന്നെയാണ് തീരുമാനം. ഏഴുവർഷമായി കല്ലാച്ചി ഗവ യുപി സ്കുളിലാണ് അദ്ദേഹം സേവനം അനുഷ്ടിക്കുന്നത്. സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിലെല്ലാം അദ്ദേഹം സജീവ സാന്നിധ്യമായിരുന്നെന്ന് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.സി.സുബൈറും പറഞ്ഞു.