തലശ്ശേരി: മസാജ് പാർലറിൽ തെറപ്പിസ്റ്റായ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. എൻ.സി.സി റോഡിലെ ഡാലിയ ആർക്കേഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മസാജ് കേന്ദ്രത്തിലാണ് സംഭവം. ഇവിടെ അടുത്തിടെ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിനിയായ നാൽപതുകാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാനേജർ നെടുങ്കണ്ടം കറുകച്ചാൽ മുതിരമലയിലെ വെട്ടിക്കാവുകൽ അനന്തു (25), മസ്സാജിനെത്തിയ തലശ്ശേരി പാറാൽ ദേവി കൃപയിൽ കെ. റജിലേഷ് (28) എന്നിവർ റിമാൻഡിലാണ്. തടഞ്ഞുവെക്കൽ, പീഡനശ്രമം തുടങ്ങിയ കുറ്റത്തിനുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. സ്ഥാപനം അടച്ചിട്ട നിലയിലാണ്. ഇതര സംസ്ഥാനക്കാരായ യുവതികളടക്കം പാർലറിൽ ജോലി ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ മറ്റുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്. നഗരസഭയുടെ ലൈസൻസോടെ പ്രവർത്തിക്കുന്നതാണ് സ്ഥാപനം. പ്രമുഖരായ പല വ്യക്തികളും പാർലറിൽ ഇടപാടുകാരായി എത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജീവനക്കാരിയുടെ പരാതിയെ തുടർന്ന് സ്ഥാപനത്തിലെ രജിസ്റ്റർ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശ്വസ്തരായ ഇടപാടുകാർക്ക് മാത്രമേ സ്ഥാപനത്തിനകത്ത് പ്രവേശനമുള്ളൂ.