തലശേരി : പ്ലാസ്‌റ്റിക് സർജറിയിലൂടെയാണ് ഗണപതിയുണ്ടായതെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് ഹിന്ദുമതത്തെയും വിശ്വാസത്തെയും അധിക്ഷേപിച്ചതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പറഞ്ഞു. നമ്മുടെ പുരാണങ്ങളിലെവിടെയെങ്കിലും പ്ലാസ്‌റ്റിക് സർജറിയിലൂടെയാണ് ഗണപതിയുണ്ടായതെന്ന് പറഞ്ഞിട്ടുണ്ടോ?. ഗണപതിയെക്കുറിച്ച് പുരാണങ്ങളിൽ പരാമർശിക്കാത്ത പ്രചാരണം നടത്തിയത് പ്രധാനമന്ത്രിയാണ്. ശാസ്‌ത്രത്തിന് പകരം ഐതിഹ്യങ്ങൾ പ്രചരിപ്പിക്കുന്ന ഭരണസംവിധാനമാണ് രാജ്യത്തുള്ളതെന്നും അത് ആപത്താണെന്നുമാണ് സ്‌പീക്കർ പറഞ്ഞത്. ഹിന്ദുമതത്തെയൊ വിശ്വാസത്തെയൊ അധിക്ഷേപിക്കുന്നതൊന്നും സ്‌പീക്കർ പറഞ്ഞിട്ടില്ല. എൽഡിഎഫ് പ്രതിഷേധ കൂട്ടായ്‌മ തലശേരി പുതിയ ബസ്‌സ്‌റ്റാന്റിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌പീക്കർ എ എൻ ഷംസീർ ഒരു ചടങ്ങിൽ നടത്തിയ പ്രസംഗത്തെ ദുർവ്യാഖ്യാനിച്ച് ഹിന്ദുവിരുദ്ധമായി ചിത്രീകരിക്കുകയാണ്. ഉത്തരവാദിത്ത ബോധത്തോടെയാണ് ഭരണഘടനാപദവിയിലിരിക്കുന്ന ഷംസീർ സംസാരിച്ചത്. ഐതിഹ്യങ്ങളെയോ പുരാണങ്ങളെയോ ദൈവങ്ങളെയോ എ എൻ ഷംസീർ ആക്ഷേപിച്ചിട്ടില്ല. ശാസ്‌ത്രബോധം പ്രചരിപ്പിക്കുകയെന്ന പൗരന്റെ മൗലിക ചുമതലയാണ് നിർവഹിച്ചത്. ശാസ്‌ത്രത്തിന് പകരം വെക്കാവുന്നതല്ല ഐതിഹ്യങ്ങൾ. ശാസ്‌ത്രത്തെ മറച്ചുപിടിച്ച് കെട്ടുകഥകൾ പ്രചരിപ്പിച്ചതും വിശ്വാസത്തെ അധിക്ഷേപിച്ചതും പ്രധാനമന്ത്രിയാണ്. കോവിഡ് മഹാമാരികാലത്ത് രാജ്യത്തെകൊണ്ട് പാട്ടകൊട്ടിച്ചതും വിളക്ക്‌കൊളുത്താൻ പറഞ്ഞതും ഇതേ വിദ്വാനാണ്.
എ എൻ ഷംസീർ ജനിച്ച മതത്തിന്റെ പേരടക്കം പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കാനാണ് യുവമോർച്ചക്കാർ ശ്രമിച്ചത്. എ എൻ ഷംസീർ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിനെതിരായ ഏതൊരു നീക്കത്തെയും ജനം പ്രതിരോധിക്കും. ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചാൽ അതിശക്തമായ ജനകീയ പ്രതിഷേധമുണ്ടാവും. എംഎൽഎ ഓഫീസിൽ കയറും കൈവെട്ടും തെരുവിൽ നേരിടുമെന്നൊക്കെയുള്ള യുവമോർച്ച നേതാവിന്റെ ഭീഷണി കൈയിൽവച്ചാൽ മതി. ജോസഫ് മാഷുടെ കൈവെട്ടിയത് പോലെ സ്‌പീക്കർ എ എൻ ഷംസീറിന് നേരെ വന്നാൽ യുവമോർച്ചക്കാർ വിവരമറിയുമെന്നും പി ജയരാജൻ പറഞ്ഞു.