പയ്യോളി: കേരള ഖരമാലിന്യ പരിപാലന പദ്ധതി നഗരസഭയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശില്പശാല നടത്തി. ഖരമാലിന്യ പരിപാലനത്തിൽ പയ്യോളിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ചർച്ച ചെയ്തു. ദീർഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലും ഏറ്റെടുത്ത് നടപ്പിലാക്കേണ്ട പദ്ധതികൾ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കും. പദ്ധതി കാല യളവിൽ നഗരസഭയ്ക്ക് ഏകദേശം 8 കോടിയോളം രൂപ ലഭിക്കും. ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് ബാങ്കിന്റെയും കേരള സർക്കാർ വിഹിതവും ഉൾപ്പെടുത്തി സംസ്ഥാന തലത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി രൂപീകരിച്ചിട്ടുള്ളത്.
ശില്പശാല നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ സി.പി ഫാത്തിമ അധ്യക്ഷത വഹിച്ചു. നഗര സഭ ഹെൽത്ത് സൂപ്പർവൈസർ ടി. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതി കോഴിക്കോട് ജില്ല ഡെപ്യൂട്ടി കോ – ഓർഡിനേറ്റർ വിഗ്നേഷ് കെ.ആർ പദ്ധതി വിശദീകരിച്ചു. കെ എസ് ഡബ്യൂ എം പി യുടെ നഗരസഭ എഞ്ചിനിയർ അശ്വതി നഗരസഭ തല ഖരമാലിന്യ രൂപരേഖ അവതരിപ്പിച്ചു.
തുടർന്ന് 4 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തി റിപ്പോർട്ടുകൾ അവതരിപ്പിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ പി.എം ഹരിദാസ് , മഹിജ എളോടി , കെ.ടി വിനോദ് കൗൺസിലർമാരായ ടി. അരവിന്ദാക്ഷൻ , ചെറി യാവി സുരേഷ് ബാബു, റസിയ ഫൈസൽ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.കെ അബ്ദുറഹിമാൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ടി.പി പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു.