തിരുവനന്തപുരം: ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ ചോദ്യം ചെയ്യുന്നതിന് മുൻകൂറായി നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന് ഹൈക്കോടതി. ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നുണ്ടെങ്കിൽ പൊലീസ് പത്ത് ദിവസം മുൻപ് നോട്ടീസ് നൽകണം. തനിക്കെതിരെ പൊലീസ് അകാരണമായി കേസ് രജിസ്റ്റർ ചെയ്യുന്നുവെന്നും നോട്ടീസ് നൽകാതെ അറസ്റ്റിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സാജൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പൊലീസിനോട് എതിർസത്യവാങ്മൂലം നൽകാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സമയം അനുവദിച്ചു. ഇതുവരെ ഉള്ള കേസുകൾക്കാകും ഈ ഇടക്കാല ഉത്തരവ് ബാധകം ആവുക എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. തുടർന്നു രജിസ്റ്റർ ചെയ്യുന്ന കേസുകൾ അപ്പോൾ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.