തിരുവനന്തപുരം∙ വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജനെ കണ്ടെത്തി. മുകളിലേക്ക് ഉയർത്താൻ ശ്രമം തുടരുകയാണ്. എപ്പോൾ പുറത്തെത്തിക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്ന് ഡപ്യൂട്ടി കലക്ടർ വി.ജയമോഹൻ അറിയിച്ചു. കിണറിന്റെ വശത്തുനിന്ന് അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങുന്നതാണ് പ്രധാന വെല്ലുവിളിയെന്ന് പറഞ്ഞു.
48 മണിക്കൂറിലേറെ പിന്നിട്ട രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിനായി ആലപ്പുഴയിൽ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനം നടത്താറുള്ള കൊല്ലം പൂയപ്പള്ളിയിലെ വിദഗ്ധ കിണർ പണിക്കാരും എത്തിയിട്ടുണ്ട്.
മണ്ണു നീക്കം ചെയ്ത് 80 അടിയോളം താഴ്ച വരെ എത്തിയ രക്ഷാപ്രവർത്തകർ ഇന്നലെ രാവിലെ മഹാരാജന്റെ ഒരു കൈ കണ്ടെന്ന് അറിയിച്ചത് പ്രതീക്ഷയ്ക്കു വക നൽകിയെങ്കിലും പിന്നാലെയുണ്ടായ മണ്ണിടിച്ചിലും നീരൊഴുക്കും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ശനിയാഴ്ച രാവിലെ മുക്കോല പീച്ചോട്ടുകോണം റോഡിനു സമീപത്തെ വീട്ടിൽ 90 അടി ആഴമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് വെങ്ങാനൂർ നെല്ലിയറത്തലയിൽ താമസിക്കുന്ന തമിഴ്നാട് പാർവതിപുരം സ്വദേശി മഹാരാജനു (55) മേൽ മണ്ണിടിഞ്ഞു വീണത്.