ന്യൂഡല്‍ഹി ∙ യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിൽ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഖലിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമിച്ചു തീയിട്ടു. ശനിയാഴ്ച നടന്ന സംഭവത്തെ യുഎസ് വിദേശകാര്യവകുപ്പ് അപലപിച്ചു. അക്രമത്തെ തുടര്‍ന്നു കോണ്‍സുലേറ്റില്‍ തീപിടിത്തമുണ്ടായെന്നും അഗ്നിരക്ഷാസേന രംഗത്തെത്തി തീ അണച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. ആര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ടില്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
മാസങ്ങള്‍ക്കു മുന്‍പ് ഖലിസ്ഥാന്‍ തീവ്രവാദികള്‍ കോണ്‍സുലേറ്റില്‍ കടന്നുകയറി കൊടി സ്ഥാപിച്ചിരുന്നു. കാനഡയില്‍ റാലി നടത്താനും ഖലിസ്ഥാന്‍ അനുകൂലികള്‍ പദ്ധതിയിട്ടിരുന്നു. ഖലിസ്ഥാന്‍ ആശയം ഇന്ത്യയ്‌ക്കും സൗഹൃദരാഷ്ട്രങ്ങളായ യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവര്‍ക്കും ഗുണകരമല്ലെന്നു വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് ഇടം കൊടുക്കരുതെന്ന് ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.