ലണ്ടന്‍: നഴ്സായ മലയാളി യുവതിയും രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവുശിക്ഷ വിധിച്ച് കോടതി. ഇഗ്ലണ്ടിൽ നഴ്സായ യുവതിയും മക്കളുമാണ് കൊല്ലപ്പെട്ടത്. 2022 ഡിസംബറിലാണ് കൊല്ലപ്പെട്ടത്.
കണ്ണൂര്‍ പടിയൂര്‍ സ്വദേശി ചേലപാലില്‍ സാജു(52)വിനെതിരെയാണ് നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതി ശിക്ഷ വിധിച്ചത്.
കോട്ടയം വെെക്കം മറവന്തുരുത്ത് സ്വദേശിയായിരുന്ന നഴ്സ് അഞ്ജു(40), മക്കളായ ജീവ(ആറ്), ജാന്‍വി (നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യക്ക് വിവാഹേതരബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് സാജു കൊലപാതകം നടത്തിയതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കെറ്ററിംഗ് എന്‍.എച്ച്.എസ് ആശുപത്രിയില്‍ നഴ്സായ അഞ്ജു 2022 ഡിസംബർ ഒമ്പതിന് ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തതുമില്ല. തുടര്‍ന്ന് ബന്ധുക്കള്‍ യുകെയിലെ മലയാളി സമാജത്തെ സമീപിക്കുകയായിരുന്നു. തുടർന്ന്, പൊലീസെത്തി വാതില്‍ കുത്തിത്തുറന്നപ്പോൾ അഞ്ജുവിനെ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.