ഈ മാതൃക കേരളത്തിലെ നേതാക്കൾക്കും പിന്തുടരാം, കേരളാ എൻസിപി നേതാക്കളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് സുരേന്ദ്രൻ

news image
Jul 2, 2023, 12:22 pm GMT+0000 payyolionline.in

തിരുവനന്തപുരം: ദേശീയ തലത്തിൽ എൻസിപി പിളർത്തി അജിത് പവാർ വിഭാഗം പുറത്ത് പോയതിന് പിന്നാലെ കേരളത്തിലെ എൻസിപി നേതാക്കളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻസിപി ദേശീയ തലത്തിൽ സ്വീകരിച്ച മാതൃക കേരളത്തിലെ നേതാക്കൾക്കും പിന്തുടരാവുന്നതാണെന്ന് സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. കേരളത്തിലെ എൻസിപിയിൽ പലർക്കും അതൃപ്തിയുണ്ട്. എൻഡിഎയിലേക്ക് വന്നാൽ മാത്രമേ അവർക്ക് പ്രസക്തിയുള്ളൂവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേ സമയം, ജെ പി നദ്ദയുടെ യോഗത്തിലേക്ക് തന്നെ വിളിക്കാത്തതിൽ സുരേന്ദ്രൻ മറുപടി പറയണമെന്ന ശോഭാ സുരേന്ദ്രന്റെ ആവശ്യത്തോട് പ്രതികരിക്കാൻ കെ സുരേന്ദ്രൻ തയ്യാറായില്ല.

വൻ രാഷ്ട്രീയ അട്ടിമറിയിലൂടെയാണ് മഹാരാഷ്ട്രയിൽ എൻസിപിയെ പിളർത്തി മറുകണ്ടം ചാടി അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്. അജിത്തിനൊപ്പം 9 എൻസിപി എംഎൽഎമാരും മന്ത്രിമാരായി സർക്കാരിൽ ചേർന്നു. ആകെയുള്ള 53 ൽ 40 എംഎൽഎമാരെ ഒപ്പം നിർത്താൻ അജിത് പവാറിനായി. മൂന്നിൽ രണ്ട് ഭൂരിപക്ഷം എംഎൽഎമാരും അജിത്തിനൊപ്പമുണ്ട്. വാർത്താ സമ്മേളനത്തിൽ യഥാർഥ എൻസിപി ഇനി തന്‍റേതാണെന്ന അവകാശവാദവും അജിത് പവാർ  ഉന്നയിച്ചു.

എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ പക്ഷേ കേരള ഘടകം തള്ളി. എൻസിപി സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ചു നിൽക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രനും പിസി ചാക്കോയും വ്യക്തമാക്കി. അജിത് പവാറിന്‍റേത് വഞ്ചനയാണ്. അധികാരമോഹിയായ അജിത് പവാറിനൊപ്പം കേരളാ എൻസിപി ഘടകം നിൽക്കില്ല. കേരളത്തിൽ എൻസിപി ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കും. എൻസിപി ഒരു കാരണവശാലും ബിജെപിക്കൊപ്പം സഹകരിക്കില്ല. പാർട്ടിയിലെ ശക്തൻ ശരദ്  പവാർ തന്നെയാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe