മഞ്ചേരി: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് (മൂന്ന്) പ്രതിയായ അരീക്കോട് കാവനൂർ പനമ്പറ്റച്ചാലിൽ ടി വി ശിഹാബ് (44)നെ 20 വർഷം കഠിന തടവിനും 78500 രൂപ പിഴയൊടുക്കാനും വിധിച്ചത്. ജഡ്ജി എം തുഷാറാണ് വിധി പറഞ്ഞത്. 2022 ഫെബ്രുവരി 19ന് പുലർച്ചെ 2.15നാണ് കേസിന്നാസ്പദമായ സംഭവം.
മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. കിടപ്പുരോഗിയായ മാതാവുമൊന്നിച്ചായിരുന്നു യുവതി താമസിച്ചത്. ഇവരുടെ വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതി ബലാൽസംഗം ചെയ്തത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും രാവിലെ തന്നെ അതിജീവിത അരീക്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ കേസിൽ ജാമ്യം നേടിയെങ്കിലും 13കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ജാമ്യം കോടതി റദ്ദാക്കി. അരീക്കോട് എസ് എച്ച് ഒ ആയിരുന്ന സി വി ലൈജുമോനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ടി ഗംഗാധരൻ 18 സാക്ഷികളെ വിസതരിച്ചു. 20 രേഖകൾ ഹാജരാക്കി.
റിമാന്റിൽ കിടന്ന കാലാവധി ശിക്ഷയിൽ ഇളവ് ചെയ്യാനും കോടതി വിധിച്ചു. പ്രതി പിഴയൊടുക്കുന്ന പക്ഷം 75000 രൂപ അതിജീവിതക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പീഡനത്തിനിരയായ പെൺകുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദ്ദേശവും നൽകി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.