ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ അഞ്ചു പേരുമായി അറ്റ്ലാന്റിക്കിൽ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകം പൊട്ടിത്തെറിച്ചതായുള്ള വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. പേടകം പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം യുഎസ് നാവികസേന പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മാതൃപേടകമായ പോളാർ പ്രിൻസ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെ തന്നെ പേടകം പൊട്ടിത്തെറിച്ചിരുന്നെന്നാണ് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. യുഎസ് നാവികസേനയുടെ ശബ്ദ നിരീക്ഷണ സംവിധാനം വഴി ഈ ശബ്ദം പിടിച്ചെടുത്തിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
ടൈറ്റാനിക് കപ്പൽ കാണാൻപോയ അഞ്ചു യാത്രികരും മരിച്ചതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ സമുദ്രപേടകം ടൈറ്റൻ സമ്മർദത്തിൽ പൊട്ടിത്തെറിച്ചതായി സ്ഥിരീകരണം. ടൈറ്റാനിക് കപ്പലിന്റെ സമീപത്തുനിന്ന് വ്യാഴാഴ്ച ടൈറ്റൻ പേടകത്തിന്റെ അവശിഷ്ടങ്ങൾ അമേരിക്കൻ തീര സംരക്ഷണ സേന കണ്ടെത്തിയിരുന്നു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ മുൻഭാഗം ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയത്. പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതൽ അവശിഷ്ടങ്ങൾ ലഭിക്കുകയായിരുന്നു.
കടലിനടിയിലുണ്ടായ ശക്തമായ മർദത്തിൽ പേടകം ഉൾവലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് സംഘം. കടലിന്റെ അടിത്തട്ടിലുള്ള തിരച്ചിൽ തുടരുമെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങള്‍ ഇതുവഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും തീര സംരക്ഷണ സേന അറിയിച്ചു. എന്നാൽ, മൃതദേഹങ്ങൾ കണ്ടെടുക്കുക ഏറെ ദുഷ്കരമാണ്. ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരൻ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാർഡിങ്, ടൂറിസം പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓഷ്യൻ ഗേറ്റ് ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൺ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൾ ഹെന്റി നർജിയോലെറ്റ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.
2009ൽ സ്റ്റോക്ടൻ റഷ് സ്ഥാപിച്ച ഓഷൻഗേറ്റ് കമ്പനി 2021 മുതൽ ടൈറ്റാനിക് പര്യവേക്ഷണം നടത്തുന്നുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 8.15നാണ് ടൈറ്റന് യാത്ര തുടങ്ങിയത്. ഏഴു മണിക്കൂറിനുശേഷം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ഏകദേശം ഒന്നരമണിക്കൂറിനുശേഷം പോളാർ പ്രിൻസ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആശയവിനിമയം നഷ്ടപ്പെട്ട വിവരം യുഎസ് കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കാന്‍ എട്ടു മണിക്കൂര്‍ വൈകിയെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് വാർത്താ ഏജൻസിയായ എ.പി റിപ്പോര്‍ട്ടു ചെയ്തു. പേടകത്തിന്റെ ഉടമകളും ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടില്ല.
ദുരന്തത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങിന്റെ കുടുംബാംഗവും വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. ടൈറ്റന്റെ ഓപ്പറേറ്ററായ ഓഷ്യൻഗേറ്റ് മുങ്ങിക്കപ്പലിന്റെ തിരോധാനം റിപ്പോർട്ട് ചെയ്യാൻ വളരെയധികം സമയമെടുത്തു എന്നാണ് അദ്ദേഹം പറഞ്ഞത്.
പേടകത്തിന്റെ ഡിസൈന്റെ പോരായ്മ, സർട്ടിഫിക്കറ്റുകളുടെ അഭാവം തുടങ്ങിയവയെപ്പറ്റി അമേരിക്കൻ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടൈറ്റനെപറ്റി നേരത്തേതന്നെ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. അപകട ശേഷം നൽകിയ ഇന്റർവ്യൂവിൽ സംവിധായകൻ ജെയിംസ് കാമറൂണും ഓഷൻ ഗേറ്റിനെപ്പറ്റി നേരത്തേതന്നെ വിമർശനങ്ങൾ ഉയർന്നിട്ടുള്ളതായി ചൂണ്ടിക്കാട്ടി.
‘ഡീപ് സബ്മെറിൻസ് എഞ്ചിനീയറിംഗ് കമ്മ്യൂണിറ്റിയിലെ നിരവധി മുൻനിര ആളുകൾ സുരക്ഷാ വിഷയത്തിൽ കമ്പനിക്ക് കത്തുകൾ പോലും എഴുതി. ഓഷൻ ഗേറ്റ് ചെയ്യുന്നത് പരീക്ഷങ്ങൾ മാത്രമാണെന്നും യാത്രക്കാരെ കൊണ്ടുപോകാൻ കഴിയുന്ന തരത്തിൽ സർട്ടിഫിക്കറ്റുകൾ നേടേണ്ടതുണ്ടെന്നും അവരോട് അറിയിച്ചിരുന്നു’-ജെയിംസ് കാമറൂൺ പറയുന്നു.