എവിടെയും പോയിട്ടില്ല, ഇവിടുത്തെ മരത്തിലുണ്ട് ഹനുമാൻ കുരങ്ങ്! എങ്ങനെ പിടികൂടുമെന്ന് തല പുകച്ച് അധികൃതരും

news image
Jun 21, 2023, 3:19 pm GMT+0000 payyolionline.in

തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിയ ഹനുമാൻ കുരങ്ങിനെ പിഎംജിയിൽ മസ്ക്കറ്റ് ഹോട്ടലിന് സമീപമുള്ള ഒരു മരത്തിൻെറ മുകളിൽ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി പൊലീസിനെയും മൃഗശാല ഉദ്യോഗസ്ഥരെയും വട്ടംകറക്കി നഗരത്തിൽ ഓടുകയാണ് ഹനുമാൻ കുരങ്ങ്.

തിരുപ്പതി സൂവോളജിക്കൽ പാർക്കിൽ നിന്നും കൊണ്ടുവന്ന രണ്ടു കുരങ്ങുകളിൽ ഒന്നിനെ തുറന്നു വിടുന്നതിനിടെയാണ് പുറത്തേക്ക് ചാടിയത്. കഴിഞ്ഞ ദിവസം പിഎംജിയിലെ ഒരു ഹോസ്റ്റലിന് മുകളിൽ കുരങ്ങിനെ കണ്ടിരുന്നു. ഇന്ന് വൈകുന്നേരം ഒരു പുളിമരത്തിൻെറ മുകളിൽ തളിർ ഇലകള്‍ തിന്നുകൊണ്ടിരിക്കുന്ന കുരങ്ങിനെ വഴിയാത്രക്കാർ കണ്ടെത്തിയത്. കുരങ്ങിനെ എങ്ങനെ പിടികൂടുമെന്ന കാര്യത്തിൽ മൃഗശാല അധികൃതർക്ക് ഇപ്പോഴും ഒരു ധാരണയുമില്ല.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പരീക്ഷണാടിസ്ഥാനത്തിൽ, തുറന്നു വിടുന്നതിനിടെയാണ് മൂന്ന് വയസ്സുള്ള പെൺകുരങ്ങ് ചാടിപ്പോയത്. കൂട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ ഉടൻ മരങ്ങളിലേക്ക് കയറി കുരങ്ങ് അകന്ന് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. മൃ​ഗശാലക്കുള്ളിൽ തന്നെയുള്ള മരത്തിന് മുകളിലായി കുരങ്ങിനെ കണ്ടെത്തിയിരുന്നു.  തിരികെ മൃഗശാലയിലേക്ക് മടങ്ങിയെത്തിയ കുരങ്ങ്, ഇന്നലെ മുതൽ, മരത്തിന് മുകളിൽ തുടരുകയാണ്. ഇഷ്ടഭക്ഷണം കാണിച്ചിട്ടും താഴേക്ക് ഇറങ്ങാൻ കുരങ്ങ് കൂട്ടാക്കുന്നില്ലായിരുന്നു.

അതിവേഗത്തിൽ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചാടിപ്പോകാൻ കഴിവുള്ളതാണ് ഈ പെൺ ഹനുമാൻ കുരങ്ങ്. പൂക്കളും തളിരിലകളും ഒക്കെയാണ് ഈ കുരങ്ങുകൾ കഴിക്കുന്നത്. അതുകൊണ്ടുതന്നെ വിശക്കുമ്പോൾ കുരങ്ങ് വീടുകളുടെ പരിസരങ്ങളിലേക്ക് വരാൻ സാധ്യതയുണ്ട്. അതുപോലെ കാക്കകൾ ശബ്ദമുണ്ടാക്കി കൂട്ടത്തോടെ ആക്രമിക്കാനും സാധ്യതയുണ്ട്. അത്തരം ശബ്ദങ്ങൾ ശ്രദ്ധയിൽ പെടുകയോ വീട്ടു പരിസരത്തേക്ക് എത്തുകയോ ചെയ്താൽ അറിയിക്കണമെന്നാണ് മൃഗശാല അധികൃതർ പങ്കുവയ്ക്കുന്ന വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe