മാർക്ക് ലിസ്റ്റ് കേസ്: ആർഷോക്കെതിരെ ഗൂഢാലോചന നടത്തിയത് അധ്യാപകർ; എഫ്ഐആർ പുറത്തുവിട്ട് പൊലീസ്

news image
Jun 10, 2023, 2:55 pm GMT+0000 payyolionline.in

കൊച്ചി: മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് കേസിൽ എഫ്ഐആർ ഒളിച്ചുവെച്ച ക്രൈം ബ്രാഞ്ച് സംഘം വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇത് പുറത്തുവിട്ടു. മഹാരാജാസ് കോളേജ് അധ്യാപകൻ വിനോദ് കുമാറാണ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി. തെറ്റായ റിസൽറ്റ് തയാറാക്കിയത് ഒന്നാം പ്രതിയായ അധ്യാപകൻ വിനോദ് കുമാറും രണ്ടാം പ്രതിയായ പ്രിൻസിപ്പൽ വി.എസ് ജോയിയുമെന്ന് എഫ് ഐ ആറിൽ പറയുന്നു. ആദ്യ രണ്ടുപ്രതികൾ ഗൂഢാലോചന നടത്തി പരാതിക്കാരനെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും കുറ്റം ചുമത്തി.

പരീക്ഷ ജയിച്ചെന്ന തെറ്റായ റിസൽറ്റ് തയാറാക്കിയെന്നും അധ്യാപകർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്നു മുതൽ അഞ്ചു വരെ പ്രതികൾ മാധ്യമങ്ങളിലൂടെ ഈ വാർത്ത പ്രചരിപ്പിച്ചെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ ആരോപിക്കുന്നത്. ഇതുവഴിഎസ്‌ എഫ്ഐയ്‌ക്കും സംസ്ഥാന സെക്രട്ടറിയായ ആർഷോയ്ക്കും പൊതുജനമധ്യത്തിൽ അപകീർത്തിയുണ്ടായെന്നാണ് എഫ്ഐആർ. കെ എസ്  യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ കേസിൽ മൂന്നാം പ്രതിയാണ്. മഹാരാജാസ് കോളജ് കെ‌എസ്‌യു യൂണിറ്റ് പ്രസിഡന്റ് ഫാസിൽ  നാലാം പ്രതിയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ കേസിൽ അഞ്ചാം പ്രതിയുമാണ്.

വ്യാജരേഖാ കേസ് വിവരം റിപ്പോർട്ട് ചെയ്യാനാണ് അഖില നന്ദകുമാർ മഹാരാജാസ് കോളേജിൽ പോയത്. കോളേജിൽ നിന്ന് തത്സമയം വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ കെഎസ്യു പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റാണ് ആർഷോയുടെ മാർക്ക് ലിസ്റ്റ് ഉയർത്തിക്കാട്ടി ആരോപണം ഉന്നയിച്ചത്. ഈ ആരോപണം ആർഷോക്കെതിരായ കെഎസ്‌യുവിന്റെ രാഷ്ട്രീയ ആരോപണമെന്ന് വ്യക്തമാക്കിയാണ് അഖില വാർത്ത റിപ്പോർട്ട് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe