നിയമസഭ കയ്യാങ്കളി കേസ്; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ കെപിസിസിയുടെ തടസ്സ ഹർജി

news image
May 29, 2023, 12:50 pm GMT+0000 payyolionline.in

തിരുവനന്തപുരം: നിയമസഭാ കൈയങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ തടസ്സ ഹർജി നൽകി കെപിസിസി. ബിജിമോളും ​ഗീതാ ​ഗോപിയും നൽകിയ ഹർജി അനുവദിക്കരുതെന്ന് ആവശ്യം. ഹർജികൾ അടുത്ത മാസം 16 ലേക്ക് മാറ്റിയിരിക്കുകയാണ്. കെപിസിസി ജനറൽ സെക്രട്ടറി ടി. യു. രാധാകൃഷ്ണനാണ് തടസ്സ ഹർജി നൽകിയത്.

സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎൽഎമാരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നുവെന്ന് മുൻ എംഎൽഎമാർ ആരോപിക്കുന്നുണ്ട്. എന്നാൽ മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസിൽ മൊഴിയെടുക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഈ മാസം 29 ന് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ജൂൺ 16 ലേക്ക് ഹർജി മാറ്റിയിരിക്കുകയാണ്.

2015 മാർച്ച് 13ന് ബാർ കോഴക്കേസിൽ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.  വി ശിവൻകുട്ടി,  ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍.  അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

സംഘർഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം. വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന വി ശിവൻകുട്ടിയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ വരെ സമീപിച്ചിരുന്നുവെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.

വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയിലെ വിടുതൽ ഹർജിയിൽ വിധി വരുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ശിവന്‍കുട്ടി അടക്കമുള്ളവര്‍ വാദിച്ചത്. സാങ്കേതികവാദങ്ങളുയർത്തി വിചാരണ നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് കുറ്റപത്രം വായിച്ച് കേൾക്കുന്നതടക്കമുള്ള നടപടികൾക്കായി ഹാജരാകണമെന്നുമായിരുന്നു കോടതിയുടെ നിലപാട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe