വാട്‌സാപ് ഉടമകള്‍ക്ക് യൂസര്‍നെയിം തിരഞ്ഞെടുക്കാനുള്ള അവസരമൊരുങ്ങുന്നു. ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. വാട്‌സാപ്പിലെ മാറ്റങ്ങൾ മുന്‍കൂട്ടി പറയുന്ന വാബീറ്റഇന്‍ഫോ ആണ് ഇതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. വാട്‌സാപ് ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.23.11.15 ല്‍ ഇതു കണ്ടു എന്നാണ് വാബീറ്റഇന്‍ഫോ പറയുന്നത്. അതേസമയം, ഇത് ആന്‍ഡ്രോയിഡിനു മാത്രമുള്ള ഫീച്ചര്‍ ആയിരിക്കില്ല, മറിച്ച് ഐഒഎസിലും ലഭ്യമാക്കിയേക്കും.
എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?
പുതിയ ഫീച്ചർ വാട്‌സാപ്പിലെ സെറ്റിങ്‌സിലുള്ള പ്രൊഫൈല്‍ വിഭാഗത്തില്‍ എത്തുമെന്നാണ് പറയുന്നത്. സെറ്റിങ്സിൽ പോയി യൂസര്‍നെയിം തിരഞ്ഞെടുക്കാം. ഈ യൂസര്‍നെയിം ഉപയോഗിച്ച് മറ്റുള്ളവരുമായും ബിസിനസ് സ്ഥാപനങ്ങളുമായും ഇടപെടാനാകും.
ഇതുകൊണ്ട് എന്തു ഗുണം?
പുതിയ മാറ്റംകൊണ്ട് എന്തു ഗുണമായിരിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഫോണ്‍ നമ്പര്‍ സ്വകാര്യമാക്കി വയ്ക്കാമെന്നതായിരിക്കും പ്രധാന ഗുണം. അതേസമയം, ഇത് മറ്റ് ഉപയോക്താക്കളില്‍നിന്ന് സ്വന്തം ഫോണ്‍ നമ്പര്‍ മറച്ചുപിടിക്കാനുള്ള അവസരമാണോ ഒരുക്കുക എന്നതിനെക്കുറിച്ച് ചില തര്‍ക്കങ്ങളുണ്ട്. വാട്‌സാപ്പിലേക്ക് ബിസിനസ് സ്ഥാപനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഇന്ത്യയിലാണെങ്കില്‍ വാട്‌സാപ്പിനെ ഒരു സൂപ്പര്‍ ആപ് ആക്കാനുള്ള ശ്രമം ജിയോ നടത്തുന്നുവെന്ന് നേരത്തേ മുതല്‍ പറഞ്ഞു കേള്‍ക്കുന്ന കാര്യവുമാണ്. ഇത്തരം ബിസിസനസ് സ്ഥാപനങ്ങളുമായി ഇടപെടുമ്പോള്‍ ഫോണ്‍ നമ്പര്‍ മറച്ചുപിടിക്കാനുള്ള അവസരമായിരിക്കും ഒരുങ്ങുക എന്നും വാദമുണ്ട്. നമ്പര്‍ ബിസിനസ് സ്ഥാപനങ്ങളുടെ കയ്യില്‍ എത്തുകയും അവര്‍ നേരിട്ട് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യുന്നത് ഒഴിവാക്കാനുള്ള ശ്രമമാണെന്നാണ് ഒരു വാദം.
∙ സ്വകാര്യത സംരക്ഷിക്കാന്‍ മറ്റൊരു ലെയർ
വാട്‌സാപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഫോണ്‍ നമ്പറുകള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നവരെ അകറ്റി നിർത്താൻ പുതിയ ഫീച്ചർ സഹായിക്കും. വാട്‌സാപ്പിനുള്ളില്‍ ഫോണ്‍ നമ്പര്‍ വച്ച് ഉപയോക്താവിനെ അന്വേഷിക്കുന്നതിനു പകരം യൂസര്‍നെയിം ഉപയോഗിച്ച് സേര്‍ച്ച് ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നാണ് ഈ വാദം ഉയര്‍ത്തുന്നവര്‍ വിശ്വസിക്കുന്നത്.