ബെംഗളൂരു∙ കന്നട സിനിമ, സീരിയൽ നടൻ സമ്പത്ത് ജെ.റാ(35)മിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നെലമംഗലയിലെ വീട്ടിൽ ശനിയാഴ്ചയാണ് സംഭവം. സമ്പത്തിന്റെ നാടായ എൻആർ പുരയിലാണ് സംസ്കാരം.
അഭിനയരംഗത്ത് അവസരങ്ങൾ കുറഞ്ഞതിലുള്ള നിരാശയിൽ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. അവസരങ്ങൾ കുറഞ്ഞതിൽ സമ്പത്ത് ദുഃഖിതനായിരുന്നെന്ന് സഹപ്രവർത്തകരും പറയുന്നു. അഗ്നിസാക്ഷി എന്ന സീരിയിലിലൂടെയാണ് സമ്പത്ത് ആളുകൾക്ക് പരിചിതനാകുന്നത്. ബാലാജി ഫൊട്ടോ സ്റ്റുഡിയോ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ‘ഈ വിയോഗം താങ്ങാനുള്ള ശക്തി ഞങ്ങൾക്കില്ല. നിരവധി സിനിമകൾ ഇനിയും ബാക്കിയാണ്. ഒരുപാട് പോരാട്ടങ്ങളും ബാക്കിയുണ്ടായിരുന്നു. നിന്റെ സ്വപ്നങ്ങൾ സത്യമാകാൻ ഇനിയും ഒരുപാട് സമയമുണ്ടായിരുന്നു. നിന്നെ വലിയൊരു വേദിയിൽ കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. തിരിച്ചു വരൂ പ്ലീസ്’– എന്നാണ് രാജേഷ് സമൂഹമാധ്യമത്തിൽ കുറിച്ചത്. സമ്പത്തിന്റെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് കന്നഡ ടെലിവിഷൻ താരങ്ങൾ. കഴിഞ്ഞ വർഷമാണ് സമ്പത്തിന്റെ വിവാഹം കഴിഞ്ഞത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)