ഹിമാചൽ പ്രദേശിലെ വീടുകളിൽ വിള്ളലുകൾ; ജിയോളജിക്കൽ സർവേ പഠനം നടത്തണമെന്ന് ജനങ്ങൾ

news image
Oct 23, 2023, 2:06 pm GMT+0000 payyolionline.in

ഷിംല: ഹിമാചൽ പ്രദേശിലെ ലാഹൗളിലെ ലിന്ദൂരിലും സ്പിതി ജില്ലയിലും മണ്ണിടിച്ചിലിനെത്തുടർന്ന് 16 വീടുകളിൽ വിള്ളലുകൾ ഉണ്ടായ സാഹചര്യത്തിൽ മണ്ണിടിച്ചിലിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി ജിയോളജിക്കൽ സർവേ പഠനം നടത്തണമെന്ന് ജനങ്ങൾ. എഴുപതോളം ഗ്രാമവാസികളാണ് തങ്ങളുടെ വീടുകൾ തകരുമെന്ന ഭയത്താൽ തുറസ്സായ സ്ഥലത്ത് ഉറങ്ങാൻ നിർബന്ധിതരാകുന്നത്. മാത്രമല്ല വിള്ളലുകൾ കാരണം കൃഷിഭൂമിയും മറ്റും നശിച്ചതായി ഗ്രാമവാസികൾ പറഞ്ഞു.

ജൂൺ, ജൂലായ് മാസങ്ങളിലാണ് ഗ്രാമത്തിൽ വിള്ളലുകൾ ഉണ്ടായത് ശ്രദ്ധയിൽപ്പെട്ടത്. ഗ്രാമത്തിലെ 16 വീടുകളിൽ ഒമ്പത് വിള്ളലുകളാണ് ഉണ്ടായത്. അതിൽ നാലെണ്ണം അപകട സാധ്യതയുള്ളതാണെന്നും ഗ്രാമവാസികൾ പറയുന്നു. എല്ലാ വർഷവും വെള്ളപ്പൊക്കം ഉണ്ടാവുകയും ജഹ്മല നുള്ളയിൽ നിന്ന് വെള്ളം ഒഴുകുന്നത് വിള്ളലുകൾക്ക് കാരണമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജിയോളജിക്കൽ സർവേ പഠനം നടത്താൻ അധികാരികളോട് അഭ്യർത്ഥിച്ചതെന്ന് ഗ്രാമവാസികൾ പറഞ്ഞു.

ഗ്രാമവാസികൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള അവസരം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ആരും മാറിയിട്ടില്ലെന്ന് ലാഹൗൾ ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും ഗ്രാമവാസികൾ പരിഭ്രാന്തിയിലാണ്. ദുരിതബാധിതരായ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാൻ തഹസിൽദാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. രണ്ടോ മൂന്നോ പഞ്ചായത്തുകളെ ബാധിക്കുന്ന നീരൊഴുക്ക് പ്രശ്‌നം പരിഹരിക്കാൻ ജഹ്‌മല നുള്ളയുടെ കനാലൈസേഷൻ ഉറപ്പാക്കുമെന്നും ഇത് സംബന്ധിച്ച് പഠനം നടത്തി പ്രതിവിധി നിർദേശിക്കുന്നതിനായി ജില്ലാ ഭരണകൂടം മണ്ടിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe