സ്വർണ്ണക്കടത്ത് പ്രതികളെ സ്വാധീനിക്കാൻ ശ്രമം, മലപ്പുറത്ത് പൊലീസിനെതിരെ മൊഴി നൽകാൻ ലക്ഷങ്ങൾ വാഗ്ദാനം, അന്വേഷണം

news image
Sep 23, 2024, 4:00 am GMT+0000 payyolionline.in

തിരുവനന്തപുരം : മലപ്പുറത്ത് സ്വർണ്ണക്കടത്ത് കേസ് പ്രതികളെ, പൊലീസിനെതിരെ മൊഴി നൽകാനായി സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന് സൂചന. പൊലീസ് സ്വർണ്ണക്കടത്ത് കേസിൽ പിടികൂടിയ കാരിയർമാരായ പ്രതികളെയാണ് സ്വർണ്ണക്കടത്ത് സംഘം പൊലീസിനെതിരെ മൊഴി നൽകാൻ സമീപിക്കുന്നത്. സ്വർണ്ണ ക്യാരിയർമാർക്ക് പണവും വാഗ്ദാനം  നടത്തി. രണ്ട് ലക്ഷം രൂപ വരെ വാഗ്ദാനം നടത്തിയെന്നാണ് വിവരം. ഡിജിപി നടത്തുന്ന അന്വേഷണത്തിൽ പൊലീസുകാർക്കെതിരെ മൊഴി നൽകാനാണ് സ്വാധീനിക്കാൻ ശ്രമിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസുകളിൽ അട്ടിമറിയുണ്ടാകുന്നുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഡിജിപി തല സമിതി അന്വേഷണം നടക്കുന്നുണ്ട്. പിടിച്ച സ്വർണ്ണമല്ല കോടതിയിൽ എത്തുന്നതെന്നും എഡിജിപി എം ആർ അജിത് കുമാർ  അടക്കം പൊലീസുകാർ ഇടപെട്ട് സ്വർണ്ണം മാറ്റുമെന്നുമായിരുന്നു ആരോപണം. പൊലീസുകാർ സ്വർണ്ണക്കടത്ത് പ്രതികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയുമാണിത് ചെയ്യുന്നതെന്നും പിവി അൻവർ അടക്കം ആരോപിച്ചിരുന്നു. പിന്നാലെയാണ് വിഷയത്തിലടക്കം ഡിജിപി തല അന്വേഷണം പ്രഖ്യാപിച്ചത്. ഡിജിപി നടത്തുന്ന ഈ അന്വേഷണത്തിൽ പൊലീസുകാർക്കെതിരെ നിർബന്ധിച്ച് മൊഴി നൽകാൻ കാരിയർമാരെ സ്വർണ്ണക്കടത്തുകാർ സമീപിക്കുന്നുവെന്നാണ് വിവരം. ഇത്തരം സംഭവങ്ങളുണ്ടാകുന്നുവെന്ന് കാരിയർമാർ വ്യക്തമാക്കുന്നുണ്ടെങ്കിലും രേഖാമൂലം പരാതി നൽകാൻ തയ്യാറായിട്ടില്ല.  മലപ്പുറത്തെ സ്പെഷ്യൽ ബ്രാഞ്ചും ഇന്റലിജൻസും വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe