ഡമാസ്കസ്: സിറിയയിലെ പ്രധാനപ്പെട്ട രണ്ട് വിമാനത്താവളങ്ങൾക്കുനേരെ ആക്രമണമുണ്ടായതായി സിറിയൻ ദേശീയ ടെലിവിഷൻ റിപ്പോർട്ട്. ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതിനുശേഷം ആദ്യമായാണ് സിറിയയ്ക്കുനേരെ ആക്രമണമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡമാസ്കസ്, അലെപ്പോ എന്നീ വിമാനത്താവളങ്ങൾക്കുനേരെയാണ് ആക്രമണം. ഇസ്രയേൽ വ്യോമാക്രമണത്തിൽ റൺവേകൾ തകർന്നു. ഈ വിമാനത്താവളങ്ങളിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി.
ഗാസ മുനമ്പിൽ ആക്രമണം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇസ്രയേൽ സിറിയയ്ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച സിറിയ ലക്ഷ്യമാക്കി ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയിരുന്നു. യുദ്ധം മുറുകുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ സന്ദർശിച്ചു. ഇതിനിടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി, സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദുമായി ഫോണിൽ സംസാരിച്ചു.
അഞ്ച് ദിവസമായി തുടരുന്ന ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിൽ ഇതുവരെ ഇരുപക്ഷത്തുമായി മൂവായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വ്യോമാക്രമണത്തിനു ശേഷം കരയുദ്ധത്തിലേക്ക് ഇസ്രയേൽ കടക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.