കൊച്ചി: റിവ്യൂ ബോംബിങ്ങി(നെഗറ്റീവ് റിവ്യൂ)നെക്കുറിച്ച് സിനിമാ മേഖലയിലുള്ളവർക്ക് വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിൽ കോടതിക്ക് എന്തുചെയ്യാനാവുമെന്ന് ഹൈക്കോടതി ആരാഞ്ഞു. സിനിമകൾക്കെതിരെയുള്ള റിവ്യൂ ബോംബിങ് തടയണമെന്നാവശ്യപ്പെട്ട് ആരോമലിന്റെ ആദ്യപ്രണയം എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കാൽ പരാമർശമുണ്ടായത്.
റിവ്യൂ ബോംബിങ്ങിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും സിനിമാ രംഗത്തുണ്ടെന്നും കോടതി വിലയിരുത്തി. റിവ്യു ബോംബിങ് വീണ്ടും തുടങ്ങിയതായി ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അജ്ഞാതകേന്ദ്രത്തിലിരുന്ന് റിവ്യൂ എഴുതുന്നവർക്കെതിരെ ഐടി നിയമപ്രകാരം നടപടി സ്വീകരിക്കുന്നതുസംബന്ധിച്ച് വിശദീകരണം നൽകാൻ കേന്ദ്രസർക്കാർ സമയം തേടിയതിനെ തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.