കർണാടക: മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന ഡി.വി. സദാനന്ദ ഗൗഡ പാർട്ടി വിട്ടേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസിൽ ചേരുന്ന അദ്ദേഹം മൈസൂരുവിൽ നിന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മൈസൂരുവിൽ ബി.ജെ.പിയുടെ വൈ.സി.കെ വാദ്യാർക്കെതിരെയാണ് ഗൗഡ മത്സരിക്കുക. ഇതുസംബന്ധിച്ച പ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന. ബംഗളുരു നോർത്തിൽ നിന്നുള്ള സിറ്റിങ് എം.പിയാണ് ഗൗഡ. ഇതേ മണ്ഡലത്തിൽ വീണ്ടും ബി.ജെ.പി ടിക്കറ്റ് നൽകാത്തതിൽ അസ്വസ്ഥനായിരുന്നു അദ്ദേഹം.
വൊക്കലിഗ സമുദായാംഗമായ ഗൗഡ എൻ.ഡി.എ ഭരണത്തിൽ റെയിൽവേ, നിയമം, നീതിന്യായം, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഒന്നാം മോദി സർക്കാറിൽ റെയിൽവേ മന്ത്രിയായ ഗൗഡയെ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ മുതൽ ഗൗഡ നീരസം പ്രകടപ്പിച്ചിരുന്നു. ബി.ജെ.പിക്കെതിരെ ഗൗഡ പരസ്യ വിമർശനവും ഉന്നയിച്ചിരുന്നു. മൈസൂരിൽ വൊക്കലിഗ മുഖത്തെ തേടുന്ന കോണ്‍ഗ്രസിനു മുന്നില്‍ ഗൗഡ മികച്ച സ്ഥാനാര്‍ഥിയാണ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഗൗഡ ബന്ധപ്പെട്ടിട്ടുണ്ട്.
ബംഗളൂരു നോർത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. അനുഗ്രഹം തേടി രണ്ടുദിവസം ശോഭ ഗൗഡക്കരികിൽ എത്തിയിരുന്നു. പാർട്ടി നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് മുതിർന്ന ബി.ജെ.പി നേതാവായ ജഗദീഷ് ഷെട്ടാറും പാർട്ടി വിട്ടിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്ന അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതിനു ശേഷം ബി.ജെ.പിയിലേക്ക് മടങ്ങിയ ഷെട്ടാർ ഇപ്പോൾ ബെലഗാവിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്.