സംസ്ഥാനത്ത് 11 പനി മരണം കൂടി; 173 പേര്‍ക്ക് ഡങ്കിപ്പനി, നാല് പേര്‍ക്ക് കോളറ

news image
Jul 12, 2024, 2:50 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്‍ 24 മണിക്കൂറിനിടെ 11 പേര്‍ പനി ബാധിച്ച് മരിച്ചു. ഇവരിൽ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. 173 പേര്‍ക്ക് ഡങ്കിപ്പനിയും നാല് പേര്‍ക്ക് കോളറയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് ചികിത്സ തേടിയ 44 പേര്‍ക്ക് എച്ച്1എൻ1 രോഗബാധയാണെന്ന് വ്യക്തമായി. 12204 പേരാണ് പുതുതായി പനി ബാധിച്ച് ചികിത്സ തേടിയത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ നാല് പേർക്കാണ് ഇന്ന് കോളറ സ്ഥിരീകരിച്ചത്. ഇവിടെ താമസിച്ചിരുന്ന 26 കാരൻ്റെ മരണം കോളറ ബാധിച്ചാണെന്ന് സംശയിക്കുന്നുണ്ട്.

സ്ഥിതി വിലയിരുത്താൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിൻ്റെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേര്‍ന്നു. സംസ്ഥാനത്ത് കുട്ടികളുടേയും മുതിര്‍ന്നവരുടേയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നുണ്ട്. കൂടുതല്‍ രോഗികളെളെ പരിചരിക്കാൻ ഇവിടെ സംവിധാനമൊരുക്കി. കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ കുട്ടികളുടേയും ജീവനക്കാരുടേയും പട്ടിക തയ്യാറാക്കി നിരീക്ഷണം ശക്തമാക്കി. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe