തിരുവനന്തപുരം > സംസ്ഥാനത്തെ പ്രധാന തീർഥാടന കേന്ദ്രമായ ശബരിമലയെ കുറിച്ചുള്ള പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ ബഹുഭാഷാ മൈക്രോസൈറ്റുമായി (https://www.keralatourism.org/sabarimala/) ടൂറിസം വകുപ്പ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സഹായകമാകും വിധം അഞ്ചു ഭാഷകളിൽ തയ്യാറാക്കിയ മൈക്രോസൈറ്റും ഇംഗ്ലീഷ് ഇ-ബ്രോഷറും ഹ്രസ്വചിത്രവും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ഉള്ളടക്കമുള്ളത്.
തീർഥാടന വിനോദ സഞ്ചാരത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ഇതിന്റെ ഭാഗമായി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല മൈക്രോസൈറ്റ് കേരളത്തിന്റെ ആകെ പ്രതീകമാണ്. കേരളത്തിന്റെ സംസ്കാരവും പൈതൃകവും അറിയാൻ ശ്രമിക്കുന്നവർക്ക് ഇത് മുതൽക്കൂട്ടാകും. തീർഥാടനം, ഗതാഗത, താമസ സൗകര്യങ്ങൾ തുടങ്ങി ശബരിമല തീർഥാടകർക്ക് സഹായകമാകുന്ന വിവരങ്ങളെല്ലാം മൈക്രോസൈറ്റിലുണ്ട്. സമഗ്രമായ ഉള്ളടക്കത്തിനൊപ്പം തീർഥാടകർക്ക് യാത്രാപദ്ധതി കൃത്യമായി ആസൂത്രണം ചെയ്യാനും മൈക്രോസൈറ്റ് സഹായിക്കും. പ്രതിവർഷം ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ശബരിമല തീർഥാടനം തടസ്സരഹിതവും സുഖപ്രദവുമായ അനുഭവമാക്കി മാറ്റാൻ ഇതുവഴി സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.