ദക്ഷിണേന്ത്യയുടെ വാണിജ്യ ഭൂപടത്തെ തന്നെ വിഴിഞ്ഞം തുറമുഖം മാറ്റിമറിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. രാജ്യത്തെ ആദ്യത്തെ ഡീപ് വാട്ടർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി വിഴിഞ്ഞം മാറുമ്പോൾ, ഇനി ദക്ഷിണേന്ത്യയിലെ ചരക്ക് നീക്കങ്ങളുടെ നിയന്ത്രണം തന്നെ കേരളാ തീരത്തേക്ക് എത്തുകയാണ്. വിഴിഞ്ഞം കുതിപ്പിന് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ വമ്പൻ ബജറ്റ് പ്രഖ്യാപനങ്ങളുണ്ടായി. ചൈനീസ് മാതൃകയിൽ സ്പെഷ്യൽ ഡെവപല്മെന്റ് സോണുണ്ടാക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ റിംഗ് റോഡും ഔട്ടർ റിംഗ് റോഡും ചേർത്ത് ഗ്രോത്ത് കോറിഡോർ പോലെയുള്ള മിക്ക പ്രഖ്യാപനങ്ങളും യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തിട്ടില്ല.
റിംഗ് റോഡിന് ഭൂമിയേറ്റെടുപ്പ് തടസം പോലും മാറിയിട്ടില്ല. തുറമുഖവും ദേശീയപാതയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡും റെയിൽ കണക്റ്റിവിറ്റിയും ഇനിയുമേറെ ദൂരം പോകാനുണ്ട്. അനുബന്ധ വികസനത്തിനായി ലാൻഡ് പൂളിംഗ് എന്ന പ്രഖ്യാപനവും
ആശയത്തിലൊതുങ്ങി. കേരളത്തിന്റെ പരിമിതികൾ തൊട്ടടുത്തുള്ള തമിഴ്നാടിനില്ലെന്നത് ഓർക്കണമെന്നാണ് വ്യവസായ സംഘടനകൾ നൽകുന്ന മുന്നറിയിപ്പ്. ഒഴിഞ്ഞുകിടക്കുന്ന ഭൂമിയും വിലക്കുറവും തമിഴ്നാട്ടിലേക്ക് വ്യവസായങ്ങളെ ആകർഷിക്കാനുള്ള സാധ്യതയാണ് മുന്നിൽകാണേണ്ടത്.
20 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാലും 20 മീറ്റർ ആഴക്കടലുമായി പ്രകൃതി തന്നെ അനുഗ്രഹിച്ച തുറമുഖമാണ്. ചൈനയോട് കിടപ്പിടിക്കുന്ന, അല്ലെങ്കിൽ ചൈനയെക്കോളും മികച്ച ലോജിസ്റ്റിക്ക് സംവിധാനം വിഴിഞ്ഞത്തിലൂടെ ഇന്ത്യക്ക് ലഭിക്കുമ്പോൾ, ഗുണം കേരളത്തിനും കിട്ടണമെങ്കിൽ പശ്ചാത്തല സൗകര്യ വികസനത്തിൽ അടിയന്തര ശ്രദ്ധ വേണം.