തിരുവനന്തപുരം ∙ വാഹനങ്ങളുടെ രേഖയിൽ ഉടമയുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ മോട്ടർ വാഹനവകുപ്പ് തീരുമാനിച്ചു. പുതിയ വാഹനത്തിന്റെ റജിസ്ട്രേഷന് ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ വേണമെങ്കിലും പഴയ വാഹനത്തിന്റെ കൈമാറ്റത്തിന് അതു നിർബന്ധമാക്കിയിരുന്നില്ല. ഏതെങ്കിലും മൊബൈൽ നമ്പർ നൽകിയാൽ മതിയെന്നായിരുന്നു വ്യവസ്ഥ. ഇതു മിക്കപ്പോഴും ഏജന്റിന്റെ നമ്പർ തന്നെ നൽകി പോകുന്നതായിരുന്നു പതിവ്.
ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയ ചില കേസുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഹൈക്കോടതി ഇക്കാര്യത്തിൽ മോട്ടർ വാഹന വകുപ്പിനോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ തന്നെ വാഹനത്തിന്റെ രേഖകളിൽ ഉൾപ്പെടുത്തണമെന്ന നിർദേശം കൊണ്ടുവരുന്നത്. നമ്പർ ഉൾപ്പെടുത്താൻ വാഹൻ സോഫ്റ്റ്വെയറിൽ ക്രമീകരണം നടത്തി.