ലാവലിൻ കേസ് വീണ്ടും മാറ്റിവച്ചു; ഇന്ന് സുപ്രീം കോടതിയിൽ തിരക്ക്, സമയം കിട്ടിയില്ല

news image
Oct 10, 2023, 11:16 am GMT+0000 payyolionline.in

ദില്ലി: എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. ഇന്നത്തേക്കാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും തിരക്ക് കാരണം കേസ് പരിഗണിക്കാൻ സുപ്രീം കോടതിക്ക് സമയം ലഭിച്ചില്ല. ഇതേ തുടർന്ന് കേസ് വീണ്ടും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് രാവിലെ മുതൽ സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുന്ന ബഞ്ച് മറ്റൊരു കേസിൽ വാദം കേട്ടിരുന്നു. ഈ കേസ് വാദം നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് അടക്കമുള്ള കേസുകൾ പരിഗണിക്കാൻ സമയം കിട്ടാതിരുന്നത്.

 

ഇത് 35ാം തവണയാണ് കേസ് സുപ്രീം കോടതി മാറ്റിവെക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ സിബിഐയുടെ അസൗകര്യത്തെ തുടർന്നാണ് കേസ് മാറ്റിവച്ചത്. സിബിഐക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണൽ സോളിസിറ്റർ ഡനറൽ എസ്‌വി രാജു മറ്റൊരു കേസിൽ തിരക്കിലായിരുന്നു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുൻപും സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ വകുപ്പ്‌ സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐയുടെ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എഞ്ചിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe