പാറശ്ശാല: അമരവിള എൽ.എം.എസ് സ്കൂളില്‍ രാത്രിയില്‍ സ്കൂള്‍ തുറന്ന് അകത്തുകയറിയ പ്രിന്‍സിപ്പലിനെയും ഡ്രൈവറെയും സെക്യൂരിറ്റി ജീവനക്കാരനെയും തടഞ്ഞുവെച്ച് നാട്ടുകാര്‍. മദ്യപിച്ചെത്തിയെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ റോയി വി. ജോൺ, ഡ്രൈവര്‍ റഷീദ്, സെക്യൂരിറ്റി ലീന്‍ ഗില്‍ബെര്‍ട്ട് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലസ് ടു പരീക്ഷ നടക്കുന്നതിനാല്‍ പ്രിന്‍സിപ്പലിന് സ്കൂളില്‍ മറ്റ് ചുമതലകള്‍ ഇല്ലാതിരിക്കെ ലുങ്കി ഉടുത്ത് കഴിഞ്ഞ ദിവസം രാത്രി ഓഫിസ് റൂം തുറക്കാന്‍ ശ്രമിക്കുമ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.
രാത്രി 10 മണിയോടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. തിരുവനന്തപുരത്ത് താമസിക്കുന്ന പ്രിന്‍സിപ്പൽ റോയി വി. ജോണ്‍ കാറില്‍ ഡ്രൈവറുടെ സഹായത്തോടെ സ്കൂളിലെത്തി ഗേറ്റ് തുറന്ന് അകത്ത് കയറുകയായിരുന്നു. ലുങ്കി ഉടുത്ത് എത്തിയ പ്രിന്‍സിപ്പലിനെ കണ്ട ഉടൻ നാട്ടുകാര്‍ സംഘടിച്ചെത്തി തടഞ്ഞു. പ്ലസ് ടു പരീക്ഷ നടക്കുന്നതിനാല്‍ സ്കൂളുകളില്‍ ഡി.ഇ.ഒ നിയമിക്കുന്ന സെക്യൂരിറ്റികളാണ് ചോദ്യപേപ്പര്‍ സുക്ഷിക്കുന്ന ഓഫിസ് റൂമിന് കാവല്‍ നില്ക്കുന്നതെങ്കില് അമരവിള സ്കൂളില്‍ പ്രിന്‍സിപ്പൽ സ്വന്തം ഇഷ്ടത്തിന് നിയമിച്ചയാളാണ് സെക്യൂരിറ്റി. ഇതു സംബന്ധിച്ച് സ്കൂളില്‍ വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുകയും അപാകത കണ്ടെത്തുകയും ചെയ്തിരുന്നു. ഓഫിസ് മുറി തുറന്നിട്ടുണ്ടോ എന്നറിയാന്‍ അധികൃതര്‍ പരിശോധന നടത്തി. ഓഫിസ് കെട്ടിടത്തിന് പാറശാല പോലീസ് കാവല്‍ നില്‍ക്കുകയാണ്.