യുദ്ധം കാരണം വിമാനം മുടങ്ങി; സഹോദരനെ അവസാനമായി കാണാനാവാതെ പ്രവാസി മടങ്ങി

news image
Mar 2, 2026, 6:48 am GMT+0000 payyolionline.in

കോഴിക്കോട്: വിധി കാത്തുവെച്ച ക്രൂരതയിൽ പ്രിയ സഹോദരനെ ഒരുനോക്ക് കാണാനാവാതെ പ്രസുലാൽ മടങ്ങി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതാണ് അയർലൻഡിൽ നിന്നുള്ള പ്രസുലാലിന്റെ യാത്ര മുടക്കിയത്. നല്ലളത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച ഫാറൂഖ് കോളജ് സ്വദേശി ശ്യാംലാലിന്റെ സംസ്കാരം ഇന്നലെ രാവിലെ ഗോതീശ്വരം ശ്മശാനത്തിൽ നടത്തി.

അപകടവിവരമറിഞ്ഞ് അയർലൻഡിൽ നിന്ന് ഭാര്യ ഹർഷയോടൊപ്പം യാത്ര തിരിച്ചതായിരുന്നു പ്രസുലാൽ. എന്നാൽ ഫ്രാൻസ് വരെയെത്തിയപ്പോഴേക്കും ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി. ഇതോടെ നാട്ടിലെത്താൻ വഴിയില്ലാതെ പ്രസുലാലിന് മടങ്ങേണ്ടി വന്നു. സഹോദരന് എത്താനാവില്ലെന്ന് ഉറപ്പായതോടെയാണ് കുടുംബം സംസ്കാര ചടങ്ങുകളുമായി മുന്നോട്ട് പോയത്.

ടാറ്റാ എലക്സിയിലെ സോഫ്റ്റ്‌വെയർ എൻജിനീയറായ ശ്യാംലാലിന്റെ വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തി. എട്ടുമാസം ഗർഭിണിയായ ഭാര്യ സ്വാതിയെ രണ്ടാഴ്ച മുൻപാണ് പ്രസവത്തിനായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച പുലർച്ചെ നല്ലളം പികെ സ്റ്റീലിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ശ്യാംലാലും സുഹൃത്തുക്കളായ അജീഷ്, വിമൽകുമാർ, ദിനിൽ എന്നിവരും മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിജിൻ ചികിത്സയിൽ തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe