ഫിലാഡൽഫിയ: യുഎസിലെ വടക്കുകിഴക്കൻ ഫിലാഡൽഫിയയിൽ ചെറുവിമാനം അപകടത്തിൽപ്പെട്ടു. വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെ കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ആളപായത്തെപ്പറ്റി ഇതുവരെ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
ഫിലാഡൽഫിയ വിമാനത്താവളത്തിൽ നിന്ന് മിസോറിയിലെ സ്പ്രിങ്ഫീൽഡ്-ബ്രാൻസനിലേക്കു പോകുകയായിരുന്ന ലിയർജെറ്റ് 55 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആറ് പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കായി പോവുകയായിരുന്ന വിമാനത്തിൽ ഒരു ഡോക്ടറും രോഗിയായ ഒരു കുട്ടി ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
യുഎസിൽ ഒരാഴ്ചക്കിടെ സംഭവിച്ച രണ്ടാമത്തെ വിമാനാപകടമാണിത്. ബുധനാഴ്ച വാഷിങ്ടണിൽ യാത്രാവിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആകാശത്ത് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് കത്തി പൊട്ടോമാക് നദിയിൽ പതിച്ചിരുന്നു. 67 പേരായിരുന്നു അപകടത്തിൽ മരിച്ചത്. ഇതിൽ നാല്പ്പതുപേരുടെ മൃതദേഹം കണ്ടെടുത്തു. നിലവിൽ വിമാനവും ഹെലികോപ്റ്ററും പൊക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷകർ. അതിനിടെ വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെടുക്കുകയും ചെയ്തു. അത് പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് പുറത്തുവിടുമെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു.