പയ്യോളി: ദേശീയപാത നിർമ്മാണ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞു നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാതയോരത്തെ വീടുകളിൽ വെള്ളം കയറിയത് നിർമ്മാണത്തിലെ അശാസ്ത്രീയത ആണെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ദേശീയപാത നിർമ്മാണത്തിന്റെ ഉപ കരാർ കമ്പനിയായ വാഗാഡിന്റെ ലോറികൾ ആണ് നാട്ടുകാർ തടഞ്ഞത്.
കഴിഞ്ഞദിവസം സമീപത്തെ ഇടി പത്മനാഭന്, ഇടി രാധ എന്നിവരുടെ വീടുകൾക്ക് ഭീഷണിയായി വെള്ളം കയറിയപ്പോൾ പരിഹരിക്കാം എന്ന് ഇവർ അറിയിച്ചിരുന്നെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധിച്ചത്. പിന്നീട് പോലീസും അധികാരികളും സ്ഥലത്തെത്തി നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ പരിഹരിക്കാമെന്ന് ഉറപ്പുനൽകി.