മാർക്ക് ദാന വിമർശനം; ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും, എതിർപ്പുമായി അധ്യാപകസംഘടനകൾ

news image
Dec 6, 2023, 4:08 am GMT+0000 payyolionline.in

തിരുവനന്തപുരം: പൊതുപരീക്ഷകളിലെ മൂല്യനിർണയത്തെ വിമർശിച്ചുള്ള തന്റെ ശബ്ദരേഖ പുറത്തുവന്നതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർത്ഥികൾക്കും എ പ്ലസ് കിട്ടുന്നുവെന്ന എസ്. ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടിയത്. കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. ഡിജിഇ പറഞ്ഞത് സർക്കാർ അഭിപ്രായം അല്ലെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, എസ്.ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിൽ അദ്ദേഹത്തോട് തന്നെ റിപ്പോർട്ട് തേടിയതിൽ അധ്യാപക സംഘടനകൾക്ക് എതിർപ്പുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കലിന് മുന്നോടിയായുള്ള ശിൽപശാലയിലായിരുന്നു എസ്.ഷാനവാസിന്റെ വിമർശനം.

അതിനിടെ, ഷാനവാസിനെതിരെ എസ്എഫ്ഐ രംഗത്തെത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന്റെ അഭിപ്രായം വസ്തുതാ വിരുദ്ധമാണെന്ന് എസ്എഫ്‌ഐ വിമർശിച്ചു. പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ അഭിപ്രായ പ്രകടനം വസ്തുതാ വിരുദ്ധമാണ്. വസ്തുതകളുടെ വെളിച്ചത്തില്‍ തന്റെ അഭിപ്രായം തിരുത്താന്‍ അദ്ദേഹം തയ്യാറാവണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe