കൊയിലാണ്ടി : മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊല്ലം എസ്.എൻ.ഡി.പി. കോളേജ് എൻ.എസ്.എസ് വി ദ്യാർത്ഥികൾ ഇന്നു രാവിലെ കൊല്ലം ടൗൺ ശുചീകരിച്ചു. വ്യാപാരി വ്യവസായി കൊല്ലം യൂനിറ്റിന്റെ സഹായത്തോടെയാണ് ശുചീകരണം നടന്നത്. പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്ത്, കൗൺസിലർമാരായ കെ.എം. സുമതി, കെ.എം. നജീബ്, ഫക്രുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വാരാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാർഡുകളിലെ മിനി എം സി എഫ് (ബോട്ടിൽ ബൂത്ത്) ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തുകയുണ്ടായി. സപ്തംബർ 26 ന് തുടങ്ങിയ ക്യാമ്പയിൻ പ്രവർത്തനം ഒരാഴ്ച നീണ്ട് നിൽക്കും. ഇതിന്റെ ഭാഗമായി ശുചിത്വ സന്ദേശ റാലി , മാസ് ക്ലീനിംഗ് ഡ്രൈവ് എന്നിവയും നടക്കും.