“മാന്യമായി പെരുമാറണം, തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കരുത്, തീർത്ഥാടകരെ സ്വാമിയെന്ന് തന്നെ വിളിക്കണം”; പൊലീസിന് കർശന മാർഗ നിർദേശങ്ങൾ

news image
Nov 27, 2024, 7:54 am GMT+0000 payyolionline.in

ശബരിമല : പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദത്തെ തുടർന്ന് ശബരിമലയിൽ പോലീസ് സേനയുടെ മാർഗ നിർദേശം കർശനമാക്കുന്നു. ഫോട്ടോഷൂട്ട് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി നടത്തിയ പരാമർശത്തിന് പിന്നാലെയാണ് നടപടി.

തീർഥാടകരുടെ മുൻ വർഷത്തെ പരാതികളും കണക്കിലെടുത്ത് പതിനെട്ടാം പടിയിൽ അടക്കം ബലപ്രയോഗം പാടില്ലെന്ന് തീർഥാടന കാലാരംഭത്തിൽ തന്നെ ഹൈക്കോടതി പൊലീസിന് കർശന നിർദേശം നൽകിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മാർഗ നിർദേശം കർശനമാക്കുന്നത്.

ഒരു കാരണവശാലും ഭക്തരോട് അപമര്യാദയായി പെരുമാറാൻ പാടില്ല. തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കരുത്, ജോലി സമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗം പാടില്ല, ശബരിമല ദർശനത്തിനെത്തുന്നവരെ സ്വാമി എന്ന് തന്നെ വിളിക്കണം, എന്ത് പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുത് എന്നത് അടക്കമുള്ള കർശന നിർദേശമാണ് പൊലീസിന് നൽകുന്നത്.

ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരുടെ പ്രവർത്തനം സി.സി.ടി.വിയിലൂടെ കൃത്യമായി നിരീക്ഷിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe