കൊച്ചി∙ എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാർഥികൾ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ലെന്നു പൊലീസ്. പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിനു മൊഴി നൽകിയതോടെയാണു തീരുമാനം. അധ്യാപകൻ നേരത്തെ കോളജ് അധികൃതർക്കു നൽകിയ പരാതി പ്രിൻസിപ്പൽ ബുധനാഴ്ച സെൻട്രൽ പൊലീസിനു കൈമാറിയിരുന്നു.
ഇന്നലെയാണു സെൻട്രൽ എസ്ഐ അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോളജിലെത്തി അധ്യാപകന്റെ മൊഴി രേഖപ്പെടുത്തിയത്. താൻ കോളജ് അധികൃതർക്കു നൽകിയ പരാതിയിൽ ഉചിതമായ നടപടിയുണ്ടായിട്ടുണ്ടെന്നും സ്വന്തം വിദ്യാർഥികൾക്കെതിരെ പൊലീസ് കേസിൽ താൽപര്യമില്ലെന്നുമായിരുന്നു പൊളിറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. സി.യു.പ്രിയേഷിന്റെ നിലപാട്. ഇതോടെയാണു കേസെടുക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിച്ചത്.
പൊലീസ് ഇടപെടലിലൂടെ വിഷയം കൂടുതൽ സങ്കീർണമാക്കാൻ ആഗ്രഹമില്ലെന്നു പ്രിയേഷ് പറഞ്ഞു. സംഭവം അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെ കോളജ് നിയോഗിച്ചിട്ടുണ്ട്. 7 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കും. ഇതു പരിശോധിച്ച ശേഷം സസ്പെൻഷനിലുള്ള 6 വിദ്യാർഥികൾക്കെതിരെയുള്ള തുടർനടപടി സ്വീകരിക്കും.