മലപ്പുറത്ത് സ്കൂളുകൾക്ക് മഴ അവധി പ്രഖ്യാപിച്ചവരെ തെരഞ്ഞ് പൊലീസ്

news image
Dec 7, 2024, 12:55 pm GMT+0000 payyolionline.in

മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ല കലക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് തയാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഡിസംബര്‍ രണ്ടിന് റെഡ് അലര്‍ട്ട് ദിവസം വൈകുന്നേരമാണ് തൊട്ടടുത്ത ദിവസം കലക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫേസ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്.

ഔദ്യോഗികമായി കലക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു തെറ്റിദ്ധാരണജനകമായ വാര്‍ത്ത പ്രചരിച്ചത്. ഇതിനെതിരെ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സമൂഹത്തില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നതും ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുന്നതുമായ വ്യാജ സന്ദേശം സൃഷ്ടിച്ചവര്‍ക്കെതിരെ ഐ.ടി ആക്ട് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം നടപടിയെടുക്കാനാണ് കലക്ടര്‍ കത്ത് നല്‍കിയത്.

മഴ കനക്കുമ്പോൾ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചില്ലെങ്കിൽ കുട്ടികൾ കലക്ടറുടെ ഫേസ്ബുക്കിൽ കമന്‍റുകളുമായി വരാറുണ്ട്. കലക്ടർ താങ്കൾ സ്ഥലത്തില്ലേ, എന്തെങ്കിലും സംഭവിച്ചിട്ട് വേണോ അവധി തരാൻ എന്നെല്ലാം ചോദിച്ചാണ് കുസൃതി ചോദ്യങ്ങളുമായി കുട്ടികൾ സോഷ്യൽ മീഡിയയിൽ വരാറുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe