രാജ്യം തേടുന്ന ഭീകരൻ ജാവിദ് അഹമ്മദ് മട്ടു ജീവനോടെ പിടിയിൽ

news image
Jan 4, 2024, 3:04 pm GMT+0000 payyolionline.in

തിരുവനന്തപുരം: രാജ്യത്തെ സുരക്ഷാ ഏജൻസികൾ ഏറെക്കാലമായി തേടിക്കൊണ്ടിരുന്ന ഭീകരൻ ജാവിദ് അഹമ്മദ് മട്ടു ജീവനോടെ പിടിയിലായി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാൾ ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ ഭാഗമായാണ് കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത്. ദില്ലി പൊലീസിന്റെ പ്രത്യേക വിഭാഗമാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച കാറും തോക്കും വെടിയുണ്ടകളും ഇയാളിൽ നിന്ന് കണ്ടെടുത്തതായാണ് വിവരം. രാജ്യത്തെ സുരക്ഷാ ഏജൻസികൾ തേടിക്കൊണ്ടിരിക്കുന്ന 10 ഭീകരരിൽ ഒരാളാണ് മട്ടു. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വിലയിട്ടിരുന്നു. ജമ്മു കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുളള മട്ടുവിന്റെ അറസ്റ്റ് നിർണായകമാകുമെന്നാണ് സൂചന.

വടക്കൻ കശ്മീരിലെ സോപോര്‍ സ്വദേശിയാണ് ഇയാൾ. നിരവധി തവണ പാക്കിസ്ഥാനിൽ പോയി ആയുധ പരിശീലനം നേടിയ ആളാണ്. ഹിസ്ബുൾ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത കമ്മാന്ററായിരുന്നു മട്ടു എന്നാണ് വിവരം. ഭീകരന്മാരുടെ എ++ കാറ്റഗറിയിലാണ് മട്ടുവിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയ ആളാണ് ഇയാൾ. എന്നാൽ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് ജാവേദിന്റെ സഹോദരൻ സ്വന്തം വീടിന് മുന്നിൽ ത്രിവര്‍ണ പതാക പറത്തുകയും ഹിന്ദുസ്ഥാൻ ഹമാരാ ഹേ എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. തന്റെ സഹോദരൻ തിരഞ്ഞെടുത്തത് തെറ്റായ പാതയാണെന്നും തങ്ങൾ ഇന്ത്യാക്കാരയതിൽ അഭിമാനിക്കുന്നു എന്നുമായിരുന്നു റയീസ് മട്ടു അന്ന് പ്രതികരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe